സർവീസ് വെട്ടിക്കുറച്ച് കെഎസ്ആർടിസി; പുളിങ്കുന്ന് നിവാസികൾക്ക് യാത്രാദുരിതം
Mail This Article
കുട്ടനാട് ∙ കെഎസ്ആർടിസി സർവീസ് വെട്ടിക്കുറച്ചു. യാത്രാ ദുരിതത്തിൽ പുളിങ്കുന്ന് നിവാസികൾ. കെഎസ്ആർടിസി. ചങ്ങനാശേരിയിൽ നിന്നു കിടങ്ങറ–വെളിയനാട് വഴി പുളിങ്കുന്ന് എൻജിനീയറിങ് കോളജ് ഭാഗത്തേക്കു രാത്രിയിലുള്ള സർവീസുകളാണു വെട്ടിക്കുറച്ചത്.പുളിങ്കുന്ന്, കാവാലം, വെളിയനാട് പഞ്ചായത്തുകളിലെ ജനങ്ങൾ ചങ്ങനാശേരിയിൽ നിന്നു കിടങ്ങറ–വെളിയനാട് വഴിയുള്ള കായൽപ്പുറം, ചതുർഥ്യാകരി, മങ്കൊമ്പ് എന്നീ ബസ് സർവീസുകളെയാണു കൂടുതലായി ആശ്രയിക്കുന്നത്.
ചങ്ങനാശേരിയിൽ നിന്ന് രാത്രി 7നു പഴേകാട് ജംക്‌ഷൻ വരെയും 7.30നു പുളിങ്കുന്ന് എൻജിനീയറിങ് കോളജ് വരെയുമുണ്ടായിരുന്ന സർവീസുകളാണു കുറച്ചു നാളായി നിർത്തലാക്കിയത്. ചങ്ങനാശേരി അടക്കമുള്ള പ്രദേശങ്ങളിലെ കടകളിലും മറ്റുമായി ഒട്ടേറെപ്പേരാണു ഈ പ്രദേശത്തു നിന്ന് ജോലി ചെയ്യുന്നത്. ഇവർ ജോലിക്കുശേഷം വീടുകളിലേക്കു തിരികെ എത്താൻ പ്രധാനമായും ആശ്രയിച്ചിരുന്ന സർവീസുകളാണു നിർത്തലാക്കിയത്.
ഇതുമൂലം ആലപ്പുഴ–ചങ്ങനാശേരി റോഡിലൂടെയുള്ള ബസുകളിൽ കയറി പുളിങ്കുന്ന് ജങ്കാർ കടവിലോ പള്ളിക്കൂട്ടുമ്മ ജംക്‌ഷനിലോ ഇറങ്ങി ഓട്ടോയിലും മറ്റുമാണു വീടുകളിലെത്തുന്നത്. ഇതു സമയ നഷ്ടത്തിനൊപ്പം സാമ്പത്തിക നഷ്ടവും വരുത്തി വയ്ക്കുന്നു. . ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്തംഗം ജോഷി കൊല്ലാറ ചങ്ങനാശേരി എടിഒയ്ക്കു പരാതി സമർപ്പിച്ചിട്ടുണ്ട്.
2 ബസിനുള്ള ആളുകൾ ഒരു ബസിൽ
ആലപ്പുഴ–ചങ്ങനാശേരി റൂട്ടിലും യാത്രാ ക്ലേശം വർധിച്ചതു യാത്രക്കാരെ വലയ്ക്കുന്നു. റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടുകാർ ഏറെ നാൾ യാത്രാക്ലേശം അനുഭവിച്ചിരുന്നു. ഇപ്പോൾ റോഡിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ കെഎസ്ആർടിസിയും സർവീസ് സുഗമമായി നടത്തിയിരുന്നു. എന്നാൽ ചങ്ങനാശേരിയിൽ നിന്ന് കുട്ടനാട്ടിലേക്ക് അടക്കമുള്ള പല സർവീസുകൾ വെട്ടിച്ചുരുക്കി മറ്റു മേഖലയിലേക്കു വിടുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ചങ്ങനാശേരിയിൽ നിന്ന് പുളിങ്കുന്ന്, ചമ്പക്കുളം റൂട്ടുകളിലെ ചില സർവീസുകൾ ഒഴിവാക്കി ചെങ്ങന്നൂർ അടക്കമുള്ള മേഖലയിലേക്കു വിടുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി . ഇതു മൂലം 2 ബസിൽ കയറാനുള്ള ആളുകളുമായിട്ടാണ് ഒരു ബസ് ഇപ്പോൾ സർവീസ് നടത്തുന്നത്. പ്രൈവറ്റ് ബസുകൾ സർവീസ് നടത്താത്ത റൂട്ടായതിനാൽ കെഎസ്ആർടിസിക്കു മികച്ച വരുമാനം ലഭിക്കുന്ന റൂട്ടാണ് എസി റോഡിലൂടെയുള്ളത്.