ADVERTISEMENT

ആലപ്പുഴ ∙ വീടുകളിലേക്കു പൈപ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി) എത്തിക്കുന്ന സിറ്റി ഗ്യാസ് ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴയിലും എത്തുന്നതു വൈകിയേക്കും. അടുത്ത വർഷം ഏപ്രിലോടെ അമ്പലപ്പുഴ ഭാഗത്തേക്കു സിറ്റി ഗ്യാസ് എത്തിക്കാനാണു പദ്ധതിയിട്ടതെങ്കിലും റോഡരികു കുഴിച്ചു പൈപ്പ് ഇടുന്നതു മന്ദഗതിയിലായതോടെ പദ്ധതി നീളും. നിലവിലെ കണക്കിൽ മേയിൽ മാത്രമാകും അമ്പലപ്പുഴ ഭാഗത്തു പിഎൻജി എത്തുക.‌‌‌ ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും പദ്ധതിക്കായി റോഡരികിൽ ഇറക്കിയ പൈപ്പുകൾ അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്.

പലയിടത്തും റോഡരികും നടപ്പാതയും കയ്യേറിയാണു പൈപ്പുകൾ വച്ചത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പൈപ്പിടുന്ന ജോലി നടന്നെങ്കിലും പിന്നീടു നിലച്ചു. ഇതോടെ രണ്ടു മാസത്തോളമായി അപകടമുണ്ടാക്കുംവിധം ഈ പൈപ്പുകൾ റോഡരികിൽ തന്നെയാണ്. പലയിടത്തും വീടുകളിലേക്കു കയറാനുള്ള വഴിയും പൈപ്പ് കാരണം അടഞ്ഞിട്ടുണ്ട്. മുൻപു ടാറിങ് ഇളക്കി പൈപ്പിട്ട ഭാഗം ശരിയായി മൂടിയിട്ടുമില്ല, ഇതുകാരണം ഈ ഭാഗം ഒഴിവാക്കിയാണു വാഹനങ്ങൾ കടന്നുപോകുന്നത്.

കഞ്ഞിക്കുഴി, മണ്ണഞ്ചേരി, മുഹമ്മ, കടക്കരപ്പള്ളി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട് പഞ്ചായത്തുകളിലേക്കും ഈ വർഷം പൈപ്പ് ലൈൻ വ്യാപിപ്പിക്കും എന്നാണു പറഞ്ഞിരുന്നതെങ്കിലും ഇവയും വൈകും. ചേർത്തല നഗരത്തിൽ പൈപ്പ് ഇട്ട ഭാഗത്തു പൈപ്പിൽ വെള്ളം നിറച്ചു മർദം അളക്കുന്ന ടെസ്റ്റിങ് നടത്താനായി മറ്റു സ്ഥലങ്ങളിൽ പണി ചെയ്തിരുന്ന ജീവനക്കാരെ കൂടി ചേർത്തലയിലേക്കു വിളിച്ചു. ഇതോടെയാണു മറ്റിടങ്ങളിലെ പണികൾ പൂർണമായും മുടങ്ങിയത്. ജൂലൈയ്ക്കു ശേഷം മഴ പെയ്തതാണു പണികൾ തടസ്സപ്പെടാൻ കാരണമെന്നു പദ്ധതി നിർവഹണ ഏജൻസി പറയുമ്പോഴും മഴയില്ലാത്ത സമയത്തും പ്രവൃത്തികൾ ഇഴഞ്ഞു തന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com