23 മുതൽ ജനുവരി 5 വരെ എല്ലാം ബുക്കിങ്; ഹോം സ്റ്റേകളിൽ നിരക്ക് ഇരട്ടിയായി
Mail This Article
ആലപ്പുഴ ∙ അഗാതെ വീണ്ടുമെത്തി; എത്ര കണ്ടിട്ടും മതിവരാത്ത ആലപ്പുഴയുടെ സുന്ദരതീരത്തേക്ക്. ഇത്തവണ തനിച്ചല്ല; മാതാപിതാക്കളും ജീവിത പങ്കാളിയുമുണ്ട്. ഫ്രാൻസിൽ നിന്നുള്ള അഗാതെ മൈസൂരുവിലെ യോഗ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ആലപ്പുഴയിലെത്തിയത്. ഇതു നാലാം തവണയാണു വരുന്നത്. മാതാപിതാക്കൾക്കും പങ്കാളി തിയോയ്ക്കുമൊപ്പം ക്രിസ്മസ് ആഘോഷം ഇവിടെയാണ്. തിയോ മൂന്നാം തവണയാണു വരുന്നത്. അഗാതെയുടെ മാതാപിതാക്കളായ ക്ലന്റലിനും ഫ്രാങ്കിനുമാകട്ടെ ആലപ്പുഴ പുതിയ അനുഭവമാണ്.
മാരാരി ബീച്ചിനു സമീപം താമസിക്കുന്ന ഇവർ മുല്ലയ്ക്കൽ ചിറപ്പ് കാണാനാണു നഗരത്തിലെത്തിയത്. ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങൾ ഇവിടെ കാത്തിരിക്കുന്നുവെന്നാണു തിയോ പറയുന്നത്. അതുകൊണ്ടാണു വീണ്ടും വീണ്ടും വരുന്നത്. അഗാതെയും തീയോയും മാത്രമല്ല, വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങി; ആലപ്പുഴയുടെ നക്ഷത്രരാവുകളിൽ പങ്കുചേരാൻ.
പ്രതീക്ഷ ആഭ്യന്തര സഞ്ചാരികളിൽ
ക്രിസ്മസ്– പുതുവത്സര സീസൺ ആയതോടെ ഭൂരിഭാഗം ഹോം സ്റ്റേകളിലും ഹൗസ് ബോട്ടുകളിലും റിസോർട്ടുകളിലും 23 മുതൽ ജനുവരി 5 വരെ റൂമുകളുടെ ബുക്കിങ് ഏതാണ്ടു പൂർത്തിയായി. കോവിഡിനു മുൻപ് 30– 40% സഞ്ചാരികളും വിദേശികളായിരുന്നെങ്കിൽ ഇപ്പോൾ ആഭ്യന്തര സഞ്ചാരികളാണു 90 ശതമാനവും. ബീച്ചിനോടു ചേർന്ന് ആഘോഷം നടത്താൻ ആലപ്പുഴ, മാരാരി, അന്ധകാരനഴി ഭാഗത്തെ റിസോർട്ടുകളിൽ ബുക്കിങ് ഏതാണ്ടു പൂർത്തിയായി.
ഓണം, വള്ളംകളി സീസണുകളിൽ ജില്ലയിൽ കൂടുതലെത്തിയത് ആഭ്യന്തര സഞ്ചാരികളായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതലും. ക്രിസ്മസ് അടുത്തപ്പോഴും ബീച്ചിലും പുന്നമടയിലും കൂടുതൽ കാണുന്നത് അയൽ സംസ്ഥാനക്കാരെ. ഹൗസ്ബോട്ട് യാത്രയും കായലുകളും കടൽത്തീരങ്ങളുമാണ് ആലപ്പുഴയിലേക്ക് അവരെ ആകർഷിക്കുന്നത് .വിദേശസഞ്ചാരികളുടെ എണ്ണം ഈ സീസണിൽ കൂടിയിട്ടുണ്ടെന്നാണു റിസോർട്ട് ഉടമകൾ പറയുന്നത്.
നിരക്ക് കൂടി, ഇഷ്ടാനുസരണം ഒരുക്കും
ഹോം സ്റ്റേകളിൽ നിരക്ക് ഏതാണ്ട് ഇരട്ടിയോളമായി. 1000 രൂപ മുതൽ 10000 വരെ രൂപയ്ക്കു മുറി കിട്ടും. താമസിക്കാൻ വരുന്നതിനു മുൻപേ മുറി ഇഷ്ടപ്രകാരം അലങ്കരിക്കാനുള്ള സൗകര്യവും ഇപ്പോഴുണ്ട്. വിഡിയോ കോളിൽ ഇതിനായി നിർദേശം നൽകാം. താമസിക്കാൻ എത്തുമ്പോഴേക്കും ആ തരത്തിൽ ഇന്റീരിയറും സൗകര്യങ്ങളും ഒരുക്കിയിരിക്കും. പല ഹോം സ്റ്റേകളും ഇക്കാര്യം അറിയിക്കുന്നുണ്ട്.