ADVERTISEMENT

എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ആയിരക്കണക്കിനു ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് നാരീപൂജ നടന്നു. പന്ത്രണ്ടു നൊയമ്പ് ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നൂറാം വയസ്സിൽ കന്നി മാളികപ്പുറമായി മല കയറിയ പാറുക്കുട്ടിയമ്മയുടെ പാദം ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കഴുകി പൂജിച്ചു.

ക്ഷേത്ര പ്രധാന നടയിൽ ആനക്കൊട്ടിലിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ രാവിലെ 10ന് ആയിരുന്നു ചടങ്ങ്. ഇതിനു മുന്നോടിയായി മുഖ്യ കാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. ക്ഷേത്ര ശ്രീകോവിലിൽ നിന്നു മൂലബിംബം എഴുന്നള്ളിച്ച്, കൊടിമരച്ചുവട്ടിൽ സ്ഥാപിച്ചിട്ടുള്ള ആട്ട വിളക്കിനു സമീപം എത്തിച്ച് പ്രത്യേക പൂജകൾ നടത്തി. പ്രത്യേകം തയാറാക്കിയ പീഠത്തിൽ പാറുക്കുട്ടിയമ്മയെ ഇരുത്തിയ ശേഷം ശ്രീകോവിലിൽ നിന്നും എത്തിച്ച പുഷ്പ മാല ചാർത്തിയാണ് ചടങ്ങ് തുടങ്ങിയത്. നൂറുകണക്കിന് സ്ത്രീകൾ കാൽപാദം കഴുകിയുള്ള പൂജയിൽ പങ്കെടുത്തു.

മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമികത്വം വഹിച്ചു. ചടങ്ങിനു മുൻപായി വിളിച്ചു ചൊല്ലി പ്രാർഥന നടത്തി. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. 

അയ്യപ്പ സേവാസമിതി ദേശീയ സമിതി അംഗം ഡി. വിജയകുമാർ പ്രസംഗിച്ചു. മീഡിയ കോ ഓർഡിനേറ്റർ അജിത് കുമാർ പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥൻ എന്നിവർ നേതൃത്വം വഹിച്ചു. 27ന് രാവിലെ 9ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3ന് കാവുംഭാഗം ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com