ദേശീയപാത നിർമാണം: മിക്കയിടങ്ങളിലും വെളിച്ചമില്ല; ഇരുട്ടിൽ അപകടപ്പാത
Mail This Article
ആലപ്പുഴ ∙ ദേശീയപാത വികസനം നടക്കുന്ന മിക്കയിടങ്ങളിലും ആവശ്യത്തിനു വെളിച്ചമില്ല. റോഡിൽ വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ വാഹനം അപകടത്തിൽപെടുന്നതു കൂടുന്നുണ്ടെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. റിഫ്ലക്ടറുകളോ മുന്നറിയിപ്പു സംവിധാനമോ ഇല്ലാത്തതാണു ദേശീയപാതയിൽ രാത്രിയുണ്ടാകുന്ന പല അപകടങ്ങൾക്കും കാരണം. പലപ്പോഴും തൊട്ടടുത്തെത്തുമ്പോഴാണു റോഡിലെ നിർമാണം കാണുന്നത്. വേഗത്തിലെത്തുന്ന വാഹനം പെട്ടെന്നു ബ്രേക്ക് ചെയ്യുന്നതും വെട്ടിത്തിരിക്കുന്നതും അപകടങ്ങൾക്കു വഴിവയ്ക്കുന്നു.
നിർമാണ ജോലികൾ നടക്കുന്ന ഭാഗത്തു രാത്രിയിൽ വെളിച്ചം ഉറപ്പാക്കണമെന്നും വേണ്ടത്ര ബ്ലിങ്കർ ലൈറ്റുകളും റിഫ്ലക്ടറുകളും സ്ഥാപിക്കണമെന്നും ഒട്ടേറെത്തവണ ദേശീയപാത അതോറിറ്റിക്കും നിർമാണക്കരാർ കമ്പനികൾക്കും ജനപ്രതിനിധികൾ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും സ്ഥിതി പഴയതു തന്നെ.
അടിപ്പാത നിർമാണം നടക്കുന്ന ഭാഗങ്ങളാണു വെളിച്ചമില്ലാത്ത ഒരു പ്രദേശം. ഇവിടെ അടിപ്പാത നിർമാണം നടക്കുന്നതിനു വശത്തുകൂടിയാണു വാഹനങ്ങൾ കടത്തി വിടുന്നത്. താൽക്കാലികമായി നിർമിച്ച റോഡുകളിൽ കുഴിയുണ്ട്.
ദൂരെ നിന്നെത്തുമ്പോൾ റോഡിൽ തടസ്സമുണ്ടെന്നോ വഴിയിൽ കുഴിയുണ്ടെന്നോ തിരിച്ചറിയാനാകാത്തതിനാൽ വാഹനം കുഴിയിൽ ചാടുക പതിവാണെന്നു സ്ഥിരം യാത്രികർ പറയുന്നു.
ബാരിക്കേഡ് ഇല്ല
ദേശീയപാതയിൽ റോഡിന് ഇരുവശത്തും പണി നടക്കുന്നുണ്ട്. എന്നാൽ പകുതിയിലധികം ഭാഗത്തും റോഡിനെയും നിർമാണം നടക്കുന്ന സ്ഥലത്തെയും വേർതിരിക്കുന്ന വിധത്തിൽ ബാരിക്കേഡ് വച്ചിട്ടില്ല. ചിലയിടത്തു റിബൺ വലിച്ചു കെട്ടുകയാണു ചെയ്തിട്ടുള്ളത്.
മുന്നറിയിപ്പ് ഇല്ലാത്തതിനാൽ റോഡിൽ നിന്നിറക്കുന്ന വാഹനം മണ്ണിൽ താഴ്ന്ന ശേഷമാകും മണ്ണിനു വേണ്ടത്ര ഉറപ്പില്ല എന്നു മനസ്സിലാകുന്നത്. കണ്ടെയ്നർ ലോറികളാണു കൂടുതലും ഇത്തരത്തിൽ റോഡരികിലെ മണ്ണിൽ താഴുന്നത്. ക്രെയിൻ എത്തിച്ചോ കെട്ടിവലിച്ചോ ആണു വാഹനം റോഡിലേക്കു കയറ്റുക.