ADVERTISEMENT

മാവേലിക്കര∙ നാഷനൽ അക്രഡിറ്റേഷൻ ആൻഡ് അസസ്‌മെന്റ് കൗൺസിൽ (നാക് ) ഗ്രേഡിങ്ങിൽ 3.42 ഗ്രേഡ് പോയിന്റോടെ ബിഷപ് മൂർ കോളജിന് എ പ്ലസ് ഗ്രേഡ് ലഭിച്ചു. എ ഗ്രേഡിൽ നിന്നാണ് ബിഷപ്പ് മൂർ എ പ്ലസിലേക്ക് ഉയർന്നത്. പാഠ്യപദ്ധതി മികവും അധ്യാപന ഗവേഷണ രംഗങ്ങളിലെ നേട്ടങ്ങളും തുടങ്ങി വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ഗ്രേഡിങ് നടത്തുന്നത്. അഞ്ചു വർഷത്തേക്കാണ് ഈ ഗ്രേഡിങ്.

നാലാം തവണ നാക് അക്രഡിറ്റേഷന് വിധേയമാകുന്ന കേരളത്തിലെ അപൂർവം കോളജുകളിലൊന്നാണ് ബിഷപ്പ് മൂർ. എ ഗ്രേഡോടെ സംസ്ഥാനത്തിന്റെ അക്രഡിറ്റേഷൻ (സാക് ) നേടുന്ന ആദ്യ കോളജ് എന്ന നേട്ടവും അവകാശപ്പെടാനുണ്ട്. ദേശീയ റാങ്കിങ് പട്ടികയിൽ (എൻഐആർഎഫ്) കഴിഞ്ഞ വർഷം 51-ാമതായി ഇടം പിടിച്ചു.

കോളജിൽ 11 ബിരുദ കോഴ്സുകളും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകളും രണ്ട് ഗവേഷണ വിഭാഗങ്ങളും യുജിസി സ്പോൺസർ ചെയ്യുന്ന ആഡ്-ഓൺ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും നിലവിലുണ്ട്. സമീപകാലത്ത് എആർഐഐഎ റാങ്കിങ്ങിൽ 2021ലെ പെർഫോമർ ബാൻഡിൽ ഇടം നേടിയ കോളജ് രാജ്യത്തെ എംജിഎൻസിആർഇയുടെ വൺ ഡിസ്ട്രിക്റ്റ് വൺ ഗ്രീൻ ചാംപ്യൻസ് അവാർഡ്, 2022 ൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ജൈവവൈവിധ്യ കോളേജിനുള്ള പുരസ്കാരം എന്നിവ കോളജ് നേടി.

സെന്റർ ഫോർ അഡ്വാൻസ്ഡ് ഫങ്ഷണൽ മെറ്റീരിയലുകൾ (ഫിസിക്സ്), സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ഹ്യൂമൻ മിൽക്ക് റിസർച്ച് (കെമിസ്ട്രി) എന്നിവയും ഗവേഷണരംഗത്തെ അഭിമാന നേട്ടങ്ങളാണ്. സയൻസ് വിഭാഗങ്ങളിലെ ബിരുദ കോഴ്സുകൾ ഡി ബിടി-സ്റ്റാർ ( DBT-STAR ) പദ്ധതിയനുസൃതമായിട്ടുള്ളതാണ്.

ഗവേഷണ സൗകര്യങ്ങളും അധ്യാപകരുടെ രാജ്യാന്തര ജേണലുകളിലെ പ്രസിദ്ധീകരണങ്ങളും ഒട്ടേറെ ഗവേഷണ പ്രോജക്ടുകളും മികച്ച പ്രകടനം നടത്താൻ കോളജിനെ സഹായിച്ചു. ബിഎആർസി (ബാർക്) പോലുള്ള മികച്ച സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ഗവേഷണ പഠന പ്രവർത്തനങ്ങളുമുണ്ട്. രാജ്യാന്തര ജേണലുകളിൽ 462 പ്രസിദ്ധീകരണങ്ങളും മൂന്ന് പേറ്റന്റുകളും ഉണ്ട്. സർവകലാശാല തലത്തിൽ റാങ്കുകളും കലാ കായിക രംഗത്ത് മികച്ച നേട്ടങ്ങളും കോളജിന് സ്ഥിരമായി ലഭിക്കുന്നു.

2018 മുതൽ ദേശീയ തലത്തിൽ ( എൻഐആർഎഫ്) മികച്ച റാങ്കും എൻഐആർഎഫ് റാങ്ക് പട്ടികയിൽ 100നുള്ളിൽ ഇടം പിടിക്കുന്ന ആലപ്പുഴ ജില്ലയിലെ ഏക കോളജാണ് ബിഷപ്പ് മൂർ. 1964 ൽ രണ്ട് വർഷത്തെ പ്രീ-ഡിഗ്രി കോഴ്സുമായി സിഎസ്ഐ മധ്യകേരള ഭദ്രാസനാധിപൻ ബിഷപ്പ് എം.എം. ജോണിന്റെ നേതൃത്വത്തിൽ 1964-ൽ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂർ -  കൊച്ചി രൂപതയുടെ നാലാമത്തെ ആംഗ്ലിക്കൻ ബിഷപ്പ് റവ. എഡ്വേർഡ് ആൽഫ്രഡ് ലിവിങ്സ്റ്റൺ മൂറിന്റെ നാമധേയത്തിൽ ഒരു ജൂനിയർ കോളജായി ആരംഭിച്ച ശേഷം അനുദിനം വളർച്ചയുടെ പാതയിലൂടെ മുന്നേറുകയാണ് മാവേലിക്കരയുടെ സ്വന്തമായ ഈ കലാലയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com