ADVERTISEMENT

ചേർത്തല ∙ നഗരത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന മൊബിലിറ്റി ഹബ് പദ്ധതി ദേശീയപാതയോരത്ത് യാഥാർഥ്യമാകും. ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം ദേശീയപാതയോടു ചേർന്ന് നഗരസഭയ്ക്ക് സ്വന്തമായുള്ള 1.15 ഏക്കർ സ്ഥലത്താണ് മൊബിലിറ്റി ഹബ് പദ്ധതി നടപ്പാക്കുന്നത്. 10.67 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ അനുവദിച്ചു. സ്ഥലം തയാറാക്കൽ, ചുറ്റുമതിൽ നിർമാണം, ഡ്രെയ്നേജ് സംവിധാനം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കുക.രണ്ടാംഘട്ടത്തിൽ ബസ്‌വേ, ഷോപ്പിങ് കോംപ്ലക്സ് യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം തുടങ്ങിയവ നിർമിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ യാത്രാ സൗകര്യങ്ങൾ വർധിക്കും.

വർഷങ്ങൾക്ക് മുൻപ് സ്വകാര്യബസ് സ്റ്റാൻഡിനായി നഗരസഭ ഏറ്റെടുത്ത സ്ഥലമാണ് ഇപ്പോൾ മൊബിലിറ്റി ഹബ്ബിനായി പ്രയോജനപ്പെടുത്തുന്നത്. ഇവിടെ സ്വകാര്യ ബസ്സ്റ്റാൻഡ് തുടങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തുടരാനായില്ല. തുടർന്നു ഒട്ടേറെത്തവണ ബസ് സ്റ്റാൻഡിനും വ്യാപാരസമുച്ചയത്തിനുമായി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി കുറച്ചു സ്ഥലം വിട്ടുനൽകേണ്ടിവന്നെങ്കിലും അവശേഷിക്കുന്ന സ്ഥലം ഹബ്ബിനായി പ്രയോജനപ്പെടുത്താനാകും.

ദേശീയപാതയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസി ബസുകളടക്കമുള്ള ദീർഘദൂര ബസുകളിലെ യാത്രക്കാർക്കു പ്രയോജനകരമാകുന്നതിനൊപ്പം റെയിൽവേ സ്‌റ്റേഷനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന തരത്തിൽ സ്വകാര്യ– കെഎസ്ആർടിസി സർവീസ് ശക്തമാകുന്നതിനും പദ്ധതിയിലൂടെ കഴിയും. പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയാറായിട്ടുണ്ട്. മാർച്ചിനു മുൻപ് തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് നഗരസഭ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com