അരൂർ– തുറവൂർ ഉയരപ്പാത: നാലാമത്തെ ലോഞ്ചിങ് ഗാൻട്രി സജ്ജം; റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കാം
Mail This Article
തുറവൂർ∙ ദേശീയപാതയിൽ അരൂർ– തുറവൂർ ഉയരപ്പാതയ്ക്കായി നിർമിക്കുന്ന തൂണുകൾക്കു മുകളിൽ ബീമുകളും ഗർഡറും സ്ഥാപിക്കുന്നതിനുള്ള നാലാമത്തെ ലോഞ്ചിങ് ഗാൻട്രി കുത്തിയതോട് ഭാഗത്തു പാതയ്ക്കു കുറുകെ സ്ഥാപിച്ചു. പാതയ്ക്കു കുറുകെ ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പല സമയങ്ങളിലായി ഒന്നര മണിക്കൂറോളം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ആദ്യ റീച്ചായ തുറവൂർ മുതൽ കുത്തിയതോട് വരെയുള്ള 4 കിലോമീറ്റർ ഭാഗത്ത് 75 ശതമാനത്തോളം തൂണുകളുടെ നിർമാണം പൂർത്തിയായി. തൂണുകൾക്കു മുകളിൽ പിയർ ക്യാപ് കോൺക്രീറ്റിങ്ങിനു ശേഷം അതിനും മുകളിൽ 50 ടൺ ഭാരമുള്ള സ്റ്റീൽ ഗർഡർ സ്ഥാപിക്കും. അതിനും മുകളിൽ 80 ടൺ ഭാരമുള്ള 7 കോൺക്രീറ്റ് ഗർഡറുകളും സ്ഥാപിക്കും. ഗർഡറുകൾ സ്ഥാപിക്കുന്നതിനാണു ലോഞ്ചിങ് ഗാൻട്രി സജ്ജമാക്കുന്നത്.
50 ടൺ ഭാരം വഹിക്കുന്നതിനുള്ള 2 ലോഞ്ചിങ് ഗാൻട്രിയാണ് ഉയരപ്പാതയുടെ നിർമാണത്തിനായി ഓരോ റീച്ചിലും സ്ഥാപിക്കുന്നത്. ഇവ റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കാം. തുറവൂർ, കുത്തിയതോട്, എഴുപുന്ന, അരൂർ എന്നിവിടങ്ങളിലാണു സ്ഥാപിച്ചത്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളത്തിൽ 1668.5 കോടി രൂപ ചെലവിട്ടാണ് ഉയരപ്പാത നിർമിക്കുന്നത്.