തൃക്കുന്നപ്പുഴയിൽ കല്ലുമ്മക്കായ് ചാകര, പുലിമുട്ടിൽ കണ്ടത് കൗതുക കാഴ്ച; ട്രെയിൻ മാർഗം ഇതര സംസ്ഥാനങ്ങളിലേക്ക്..
Mail This Article
മുതുകുളം∙കായലോരത്തെ കൽഭിത്തികളിൽ മാത്രം കാണുന്ന കല്ലുമ്മക്കായ് പുലിമുട്ടിൽ കണ്ടത് കൗതുക കാഴ്ചയായി. തൃക്കുന്നപ്പുഴ ജംക്‌ഷന് പടിഞ്ഞാറു ഭാഗത്താണ് പുലിമുട്ടിൽ കല്ലുമ്മക്കായ് കണ്ടെത്തിയത്. കുറെ ദിവസമായി കഴുത്തിൽ റബർ ടൂബ് ധരിച്ച് കുറെപ്പേർ കടലിൽ മുങ്ങിപ്പൊങ്ങി വന്ന് കല്ലുമ്മക്കായ് ശേഖരിക്കുന്നത് കാണാൻ കഴിയുമായിരുന്നു. പലരും കരുതിയത് ബംഗാളികളാണന്നാണ്.
നീന്തൽ അറിയാവുന്ന ഒരു കൂട്ടർ പരിശീലനത്തിന് വന്നതാണെന്ന് നാട്ടുകാരും കരുതി. അടുത്ത് ചെന്നപ്പോഴാണ് അറിയുന്നത് കടലിനോടു ചേർന്ന് താഴ്ന്നുപോയ പുലിമുട്ടിലെ കരിങ്കല്ലുകളിൽ പുറ്റു പോലെ വളർന്നു നിൽക്കുന്ന കല്ലുമ്മക്കായ് അടർത്തി എടുക്കാൻ വന്നവരാണന്ന്. കണ്ണൂരിൽ നിന്നും കൊല്ലത്തു നിന്നുമുള്ള ഒരു സംഘമാണ് കല്ലുമ്മക്കായ് അടർത്തി എടുത്ത് വൃത്തിയാക്കി ചാക്കിൽ കെട്ടി കൊണ്ടു പോകുന്നത്.
ചാക്കിലാക്കി കായംകുളം റെയിൽവേ സ്റ്റേഷനിലെത്തിച്ച് ട്രെയിനിൽ കയറ്റി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി വിടുകയാണ് സംഘത്തിന്റെ പതിവ്. ഇവർക്ക് ഒരു ദിവസം 300 കിലോയ്ക്ക് മുകളിൽ ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 80 രൂപ മുതൽ 300 രൂപ വരെയുള്ള കല്ലുമ്മക്കായ്ക്ക് വടകര, തലശ്ശേരി, കണ്ണൂർ ഭാഗത്ത് ആവശ്യക്കാർ ഏറെയാണ്. വിദേശ വിപണിയിലും ആവശ്യക്കാർ ഉണ്ട്. മത്സ്യത്തിന് ക്ഷാമം നേരിടുന്ന ഈ കാലത്ത് കല്ലുമ്മക്കായ് തീരദേശത്തെ കുടുംബങ്ങളിലെ തീൻമേശകളിലും അഭിവാജ്യ ഘടകമാകും എന്നതിൽ സംശയമില്ല.