മകരവിളക്ക്: അയ്യപ്പന്മാർ നാട്ടിലേക്ക് മടങ്ങുന്നതിന്റെ തിരക്ക്
Mail This Article
ചെങ്ങന്നൂർ ∙ ശബരിമലയിൽ മകരവിളക്ക് കണ്ടു തൊഴുതു മടങ്ങിയ തീർഥാടകരെ വരവേറ്റ് ചെങ്ങന്നൂർ. ശബരിമലയുടെ കവാടമായ നഗരത്തിൽ നഗരസഭയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ തീർഥാടകർക്കായി വിപുലമായ സേവന സൗകര്യങ്ങൾ ഒരുക്കിയിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ചുക്കുകാപ്പിയും ഉണ്ണിയപ്പവും വിതരണം ചെയ്തു.നഗരസഭ ഓഫിസിനു മുന്നിൽ ഭക്തിഗാനമേളയും സംഘടിപ്പിച്ചിരുന്നു. ഇന്നു പ്രഭാതഭക്ഷണം വിതരണം ചെയ്യുമെന്നു നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം, ഉപാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ എന്നിവർ പറഞ്ഞു.
നഗരസഭ വക വിശ്രമകേന്ദ്രത്തിൽ വിരിവയ്ക്കാൻ സൗകര്യമൊരുക്കിയിരുന്നു. അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂർ ക്യാംപിൽ അന്നദാനവിതരണം, കുടിവെള്ള വിതരണം, വിരിവെക്കാൻ സൗകര്യം എന്നിവ ഒരുക്കി. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. വിജയകുമാർ നേതൃത്വം നൽകി. ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലെ സേവനകേന്ദ്രത്തിൽ അന്നദാനം നടത്തി. ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ നേതൃത്വം നൽകി.
ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നു തീർഥാടകർക്ക് അന്നദാനം നടത്തും. ഇന്നലെ രാവിലെ 6 മുതൽ രാത്രി 7.30 വരെ മാത്രം 80 ട്രിപ്പുകളാണു കെഎസ്ആർടിസി പമ്പയിലേക്കു നടത്തിയത്. പമ്പ സർവീസിനെത്തിച്ച 65 ബസുകൾക്കു പുറമേ ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് 5 ഫാസ്റ്റ്പാസഞ്ചർ ബസുകൾ കൂടി ഇന്നലെ പമ്പാ പൂളിലേക്ക് അയച്ചിരുന്നു. എംസി റോഡിലെ തിരക്ക് കുറയ്ക്കാനായി 4 ഓർഡിനറി ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഈ റൂട്ടിൽ സർവീസ് നടത്തി. ഇവ ഇന്നും സർവീസ് നടത്തുമെന്നു ക്ലസ്റ്റർ ഓഫിസർ എ. അജിത്ത് പറഞ്ഞു. ഒരു ഫാസ്റ്റ് പാസഞ്ചർ സർവീസും അധികമായി ഉണ്ടാകും.