ADVERTISEMENT

ആലപ്പുഴ∙ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് നഗരത്തിൽ മണിക്കൂറുകളോളം തെരുവുയുദ്ധമായി മാറി. പ്രവർത്തകരും പൊലീസും തമ്മിൽ രണ്ടു മണിക്കൂറോളമാണ് ഏറ്റുമുട്ടിയത്. പ്രവർത്തകരെ പിരിച്ചുവിടാൻ 4 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി.   

ലാത്തിച്ചാർജിൽ ഒട്ടേറെ പ്രവർത്തകർക്ക് പരുക്കേറ്റു. ചിതറിയോടിയ പ്രവർത്തകരെ പൊലീസ് പിന്തുടർന്ന് മർദിച്ചു. പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് തിരികെ ജനറൽ ആശുപത്രി ജംക്‌ഷനിൽ എത്തിയ പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു.

ബാരിക്കേഡുകൾ  സ്ഥാപിച്ച് വൻ  പൊലീസ് സംഘം
ഉച്ചയ്ക്ക് 12 മണിയോടെ ജനറൽ ആശുപത്രി ജംക്‌ഷനിൽ നിന്നാണ് നൂറു കണക്കിന് പ്രവർത്തകരെ അണിനിരത്തി യൂത്ത് കോൺഗ്രസ് മാർച്ച് ആരംഭിച്ചത്.  കലക്ടറേറ്റിന് നൂറ് മീറ്റർ അകലെ നഗരസഭയുടെ ശതാബ്ദി സ്മാരക മന്ദിരത്തിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഡിവൈഎസ്പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രമ്യ ഹരിദാസ് എംപി മാർച്ച് ഉദ്ഘാടനം ചെയ്തു. പിണറായിയുടെ ഭരണത്തിൻകീഴിൽ സംസ്കാരം ഇല്ലാത്തവർ ആയി പൊലീസ് സേന മാറിയിരിക്കുകയാണെന്ന് രമ്യ ഹരിദാസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വീടു വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് പോലെ വണ്ടിപ്പെരിയാർ പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുമോയെന്ന് രമ്യ ഹരിദാസ് ചോദിച്ചു.

16 പ്രവർത്തകർക്ക്  പരുക്ക്
നേതാക്കളുൾപ്പെടെ 16 പേർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റത്. പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീണിനാണു ആദ്യം മർദനമേറ്റത്. നിലത്തു വീണ ശേഷവും പൊലീസ് പ്രവീണിനെ വളഞ്ഞിട്ട് തല്ലി. തലയ്ക്കും കൈക്കും മുതുകിനും പരുക്കേറ്റാണ് പ്രവീൺ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. 

ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത്, പ്രവർത്തകരായ സൈഫുദ്ദീൻ, ആദർശ് മഠത്തിൽ എന്നിവർക്കും തലയ്ക്ക് അടിയേറ്റു. സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി മീനു സജീവ്, സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപ്പിള്ളി, മുൻ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ രൂപേഷ്, ഗാംഗാ ശങ്കർ, മുത്താര രാജ്, അഭിലാഷ്, അർജുൻ, കൃഷ്ണ അനു, ശരണ്യ, സിന്ധു എന്നിവരെയാണ്  പരുക്കേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

മതിൽ ചാടിക്കടന്ന് നഗരസഭ ശതാബ്ദി മന്ദിരത്തിൽ പ്രവേശിച്ച ശേഷം പൊലീസിന് സമീപമെത്തിയ 6 വനിതാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബാരിക്കേഡ് മറിച്ചിട്ട പ്രവർത്തകർ പൊലീസിനു നേരെ കല്ലുകളും വടികളും വലിച്ചെറിഞ്ഞു. ചിതറിയോടുന്നതിനിടെ വീണും പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com