കാഴ്ച പരിമിതിയുള്ള യുവതിക്ക് നെറ്റ് വിജയം; താരമായി ഷൈനിങ് ഷാനി
Mail This Article
ആലപ്പുഴ ∙ കാഴ്ച പരിമിതി ഷാനിയുടെ അറിവു നേടാനുള്ള ആഗ്രഹത്തിന് ഒരിക്കലും തടസ്സമായില്ല. ആദ്യ ശ്രമത്തിൽ തന്നെ കോളജ് അധ്യാപനത്തിനുള്ള നെറ്റ് യോഗ്യത പരീക്ഷ വിജയിച്ചു; ഇനി ലക്ഷ്യം ജെആർഎഫ് വിജയം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കാഴ്ച നഷ്ടമായ ഷാനി, പഠനത്തിലൂടെ നേട്ടങ്ങൾ സ്വന്തമാക്കുകയാണ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ എംഎ ഇംഗ്ലിഷ് സാഹിത്യത്തിൽ ഒന്നാം വർഷ വിദ്യാർഥിനിയാണു ചെങ്ങന്നൂർ ഇരട്ടക്കുളങ്ങര തെക്കേതിൽ പരേതനായ വർഗീസ് ജോണിന്റെയും മേഴ്സി വർഗീസിന്റെയും മകളായ ഷാനി എം.വർഗീസ് (21).
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ റെറ്റിനയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്നാണു കാഴ്ച നഷ്ടമായത്. തുടർന്നു ശസ്ത്രക്രിയ നടത്തിയെങ്കിലും ചെറിയ നിഴൽ പോലെ മാത്രമേ കാണാനാകൂ. ലാപ്ടോപ്പിന്റെ സഹായത്തോടെയാണു പഠനം. ചില പാഠഭാഗങ്ങൾ അമ്മ മേഴ്സി വായിച്ചു കേൾപ്പിക്കും. കൂടുതൽ ശസ്ത്രക്രിയകൾ ചെയ്താൽ കാഴ്ച തിരിച്ചു കിട്ടാൻ സാധ്യതയുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി വേണ്ടി വരുന്ന സമയം പഠനത്തെ ബാധിക്കുമെന്നതിനാലാണ് അതിനു തുനിയാത്തതെന്നു ഷാനി പറയുന്നു.
കോളജ് അധ്യാപികയാകാനാണ് ആഗ്രഹം. പിഎച്ച്ഡി ഗവേഷണത്തിനുള്ള പ്രവേശന പരീക്ഷയായ ജെആർഎഫ് വിജയിക്കാനുള്ള ശ്രമത്തിലാണ് ഷാനിയിപ്പോൾ.ഷാനിയെ കോളജിൽ കൊണ്ടുവിടുന്നതും തിരിച്ചു കൊണ്ടുവരുന്നതും അമ്മയാണ്. മേഴ്സി വീടിനുതൊട്ടടുത്തുള്ള എംഎംഎആർ ഐസിഎസ്‌ഇ സ്കൂളിൽ ഓഫിസ് സ്റ്റാഫാണ്. പത്തുവർഷം മുൻപു മഞ്ഞപ്പിത്തം ബാധിച്ചാണ് എക്സ്റേ ടെക്നിഷ്യനായിരുന്ന വർഗീസ് മരിച്ചത്. സഹോദരൻ ഷിനു ജോൺ വർഗീസ് ക്രിസ്ത്യൻ കോളജിൽ ബി.കോം വിദ്യാർഥി.