വേഗ ബോട്ട് സർവീസിൽ നിന്ന് രണ്ടിരട്ടി വരുമാനം; സഞ്ചാരികളെ ആകർഷിക്കുന്നത് യാത്രാ പാക്കേജ്
Mail This Article
ആലപ്പുഴ ∙ വേഗ ബോട്ട് സർവീസ് തുടങ്ങി 4 വർഷം തികയുമ്പോൾ മുടക്കിയതിന്റെ രണ്ടിരട്ടി വരുമാനം. വിനോദ സഞ്ചാരികൾക്ക് സുരക്ഷയും ആഹ്ലാദവും നൽകി കുട്ടനാടിന്റെ കായൽക്കാഴ്ച ആസ്വദിക്കാൻ മികച്ച യാത്ര ഒരുക്കിയാണ് 2020 മാർച്ച് 10 ന് സംസ്ഥാന ജലഗതാഗത വകുപ്പ് കാറ്റമറൈൻ വേഗ ബോട്ട് സർവീസ് തുടങ്ങിയത്. കോവിഡ് കാലത്ത് നിർത്തിവച്ചു. തുടർന്ന് ഇതേവരെ വേഗ വിനോദസഞ്ചാരികളെ ആകർഷിച്ച് ഓട്ടം തുടരുകയാണ്.
വേഗ നീറ്റിൽ ഇറക്കിയപ്പോൾ ചെലവ് 1.90 കോടി രൂപയായിരുന്നു. സർവീസ് നടത്തി ഒരു വർഷം കൊണ്ട് വരുമാനം 2 കോടി കവിഞ്ഞു. ഇപ്പോൾ വരുമാനം രണ്ടിരട്ടി പിന്നിട്ടു. സ്വദേശത്തെയും വിദേശത്തെയും വിനോദസഞ്ചാരികൾ വേഗയെ ഇഷ്ടപ്പെടുന്നതാണ് വരുമാനം വർധിക്കാൻ കാരണം. വേഗയുടെ യാത്രാ പാക്കേജ് തന്നെയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതെന്നു സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ പറഞ്ഞു.
വേഗയുടെ എസി മുറിയിൽ 40 പേർക്കും നോൺ എസിയിൽ 60 പേർക്കും യാത്ര ചെയ്യാം. എസി ഒരാൾക്ക് 600 രൂപയും നോൺ എസി 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആലപ്പുഴയിൽ നിന്നും ദിവസവും രാവിലെ 11 ന് പുറപ്പെടും. തുടർന്നു പുന്നമട ഫിനിഷിങ് പോയിന്റ്, വേമ്പനാട്ട് കായൽ, പാതിരാമണൽ തുരുത്ത്, മാർത്താണ്ഡം കായൽ, സീ ബ്ലോക്ക്, കുപ്പപ്പുറം വഴി വൈകിട്ട് 4 ന് ആലപ്പുഴയിൽ എത്തിച്ചേരും. പാതിരാമണലിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച ശേഷം ഉച്ചഭക്ഷണം ബോട്ടിൽ നൽകും. വേഗയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ 94000 50325.