പഞ്ചായത്ത് പ്രസിഡന്റ് കാറിന്റെ ചില്ല് തകർത്തെന്ന് പരാതി; കളവെന്ന് പ്രസിഡന്റ്
Mail This Article
കലവൂർ ∙പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ വഴി തടസ്സപ്പെടുത്തി പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ തകർക്കുകയും കേടുപാട് വരുത്തുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റിന് എതിരെ പൊലീസിൽ പരാതി. കഞ്ഞിക്കുഴി പെരുന്തുരുത്ത് മുറിയിൽ പൊന്നിട്ടുശേരിയിൽ ജിമ്മി ഏബ്രഹാമാണ് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാറിനെതിരെ പരാതി നൽകിയത്.
റോഡരുകിൽ പാർക്ക് ചെയ്ത ശേഷം സമീപത്തെ ആരാധനാലയത്തിൽ പോയിട്ടു വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റും മറ്റ് നാലു പേരും ചേർന്ന് ചില്ലുകൾ തകർക്കുകയും കേടുപാട് വരുത്തുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ഡിവൈഎസ്പി, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി.
പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റാണ് ഇത് ചെയ്തതെന്നതിന് തെളിവില്ലെന്നും ആരും കണ്ടതായി മൊഴി നൽകിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പരാതി കളവാണെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത് കുമാർ പറഞ്ഞു. തന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ വഴി തടസ്സപ്പെടുത്തി പാർക്ക് ചെയ്ത കാർ മാറ്റിയിടാൻ സമീപത്തെ തട്ടുകടക്കാർ പറഞ്ഞിട്ടും കാറിൽ എത്തിയയാൾ ഗൗനിച്ചില്ലെന്നും വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന പാർക്ക് ചെയ്യരുതെന്ന ബോർഡ് ഇയാൾ നശിപ്പിച്ചതായും അജിത് പറഞ്ഞു. ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കേണ്ടിയിരുന്ന തനിക്ക് വഴിയടച്ച് കാർ നിർത്തിയിട്ടതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.