മേൽശാന്തിക്ക് മർദനം: പൊലീസ് അന്വേഷണം തുടങ്ങി
Mail This Article
ചേർത്തല ∙ ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെ മേൽശാന്തിയെ മർദിച്ച് രസീത് ബുക്കുകൾ നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേൽശാന്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാറശേരിൽ അശോകനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. അക്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസെടുക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.
തിരുവിതാംകൂർ ദേവസ്വംബോർഡ് വൈക്കം ഗ്രൂപ്പിലെ വയലാർ കുമരംകോട് ഗണപതിക്കൽ ക്ഷേത്രത്തിലെ മേൽശാന്തി പി.എസ്.സുനിൽകുമാറിനാണ് കഴിഞ്ഞ 24ന് മർദനമേറ്റത്. അക്രമത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം സബ്ഗ്രൂപ്പ് ഓഫിസറാണ് പൊലീസിൽ പരാതി നൽകിയത്.
വഴിപാട് രസീതിലെ പേര് തിരുത്താൻ കഴിയില്ലെന്നറിയിച്ചപ്പോൾ രസീത് നശിപ്പിക്കുകയും ഉപകരണങ്ങൾ തട്ടിമറിക്കുകയും അസഭ്യ പറഞ്ഞ് ആക്രമിച്ചെന്നുമാണ് പരാതി.മർദനത്തെ തുടർന്ന് ക്ഷേത്രത്തിലെ പൂജകൾ മുടങ്ങിയ സാഹചര്യമുണ്ടായിരുന്നു. ദേവസ്വംബോർഡ് ഇടപെട്ട് മറ്റൊരു ക്ഷേത്രത്തിലെ ശാന്തിയെ ചുമതലപെടുത്തിയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.