ഭൗമവിവര നഗരസഭ: ഹരിപ്പാട്ട് ഡ്രോൺ മാപ്പിങ്
Mail This Article
ഹരിപ്പാട് ∙ നഗരസഭയെ ഭൗമവിവര നഗരസഭയാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ മാപ്പിങ് തുടങ്ങി. നഗരസഭയിലെ എല്ലാ വിവരങ്ങളും ഭൗമതലത്തിലാക്കി മാറ്റുന്ന ഒരുവിവരശേഖരണ വികസന പ്രവർത്തന പരിപാടിയുടെ ഭാഗമാണ് ജിയോ മാപ്പിങ്. ഭൂമിയും ഭൂമിയിലുള്ള എല്ലാകാര്യങ്ങളും വിവിധ തരത്തിലുള്ള ഭൂപടങ്ങളിൽ ആലേഖനം ചെയ്യുന്ന പ്രവർത്തനമാണ് ജിഐഎസ് എന്ന ആധുനിക സാങ്കേതിക വിദ്യയിലൂടെ ചെയ്യുന്നത്. ജലസ്രോതസുകൾ, റോഡുകൾ, കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, കുടിവെള്ള പൈപ്പുകൾ, വിദ്യാഭ്യാസ– ആരോഗ്യ സ്‌ഥാപനങ്ങൾ, കായലുകൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ എന്നിവയെല്ലാം ഡ്രോൺ ഉപയോഗിച്ച് മാപ്പിങ് നടത്തും.
പരിശീലനം ലഭിച്ച യുവതീ യുവാക്കൾ നഗരസഭയിലെ വീടുവീടാന്തരം കയറി സർവേ നടത്തുന്നുണ്ട്. 24 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത് കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിലെ വിദഗ്ധരാണ്. പദ്ധതി പൂർത്തിയാകുന്നതോടെ നഗരസഭയിലെ എല്ലാ വിവരങ്ങളും ഒരു ആപ്പിലൂടെ ലഭ്യമാകും.
ഡ്രോൺ മാപ്പിങ് ഉദ്ഘാടനം രമേശ് ചെന്നിത്തല എംഎൽഎ നിർവഹിച്ചു.നഗരസഭ ചെയർമാൻ കെ. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വിനു ആർ.നാഥ്,നിർമലകുമാരി, മിനിസാറാമ്മ, കൗൺസിലർമാരായ ശ്രീവിവേക്,വൃന്ദ എസ്. കുമാർ,മഞ്ജു ഷാജി, ശ്രീജാകുമാരി, സുരേഷ് വെട്ടുവേനി, സജിനി സുരേന്ദ്രൻ, നഗരസഭ സുപ്രണ്ട് ലാൽപ്രമോദ്, റവന്യൂ ഇൻസ്‌പെക്ടർ വിജയകുമാർ, പഠനകേന്ദ്രം കോഓർഡിനേറ്റർ വി.ശ്രീകണ്ഠൻ എന്നിവർ പ്രസംഗിച്ചു.