ADVERTISEMENT

തുറവൂർ ∙ കുത്തിയതോട് ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലകളായ 1,16 വാർഡുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ജനപ്രതിനിധികളും അധികൃതരും നടപടിയെടുക്കുന്നില്ലെന്നു പ്രദേശവാസികൾ. 3 മാസമായി തുടരുന്ന ജലക്ഷാമത്തെത്തുടർന്ന് പ്രദേശവാസികൾ സമരത്തിലാണ്. ആഴ്ചയിൽ 2 ദിവസം ഇടവിട്ടാണ് കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിൽ ശുദ്ധജലം വിതരണം നടക്കുന്നത്.

കുത്തിയതോട് പഞ്ചായത്തിന്റെ ഉൾപ്രദേശത്തെ 1, 16 വാർഡുകളിൽ പമ്പിങ് സമയത്ത് നൂലുപോലാണ് ജലം കിട്ടുന്നത്. ചാപ്പ കടവിനു കിഴക്കുവശമുള്ള ചില വ്യക്തികൾ അനധികൃതമായി മോട്ടർ ഉപയോഗിച്ച് പമ്പിങ് സമയത്ത് വെള്ളം ശേഖരിക്കുന്നത് മൂലമാണ് ഉൾപ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജലവിതരണം കാര്യക്ഷമമാകണമെങ്കിൽ ജല അതോറിറ്റി ജോലിക്കാരെ നിരീക്ഷണത്തിനായി നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാൽ തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നത് കുത്തിയതോട്ടിലെ ജല സംഭരണിയിൽ നിന്നാണ്.  ഉൾപ്രദേശങ്ങളിൽ ശുദ്ധജലം വിതരണം മുൻപ് ഒന്നിടവിട്ട് ദിവസങ്ങളിൽ ഇരു പഞ്ചായത്തുകളിലേക്കും നടത്തിയിരുന്നു.എന്നാൽ പരാതി ഉയർന്നപ്പോൾ ഇത് 2 ദിവസം ഇടവിട്ടാക്കി.

വരും ദിവസങ്ങളിൽ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കാനാകുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ ദിവസം 300 രൂപയ്ക്ക് വെള്ളം വാങ്ങിയാണ് ഭക്ഷണം പാകം ചെയ്യുന്നതും പാത്രങ്ങൾ കഴുകുന്നതെന്നും കെപിഎംഎസ് അരൂർ യൂണിയൻ ഭാരവാഹി കെ.ടി.സുരേന്ദ്രൻ പറഞ്ഞു. ചാവടി മുതൽ ചാപ്പ കടവ് വരെയുള്ള സ്ഥലത്ത് 250 എംഎം വ്യാസമുള്ള പൈപ്പ് പുനഃസ്ഥാപിച്ച് ശുദ്ധജലം വിതരണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com