ADVERTISEMENT

ആലപ്പുഴ ∙ ‌നഗരത്തിൽ എല്ലാ വാർഡിലും ശുദ്ധജല പ്രശ്നങ്ങൾ രൂക്ഷമാണെന്ന് കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ പരാതി. മന്നം, തോണ്ടൻകുളങ്ങര, ചാത്തനാട്, കിടങ്ങാംപറമ്പ് വാർഡുകളിൽ ശുദ്ധജലക്ഷാമം ജനുവരി 30നകം പരിഹരിക്കാമെന്നു എംഎൽഎ വിളിച്ച യോഗത്തിൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടും ഫലമുണ്ടായില്ലെന്നു കെ.എസ്.ജയൻ, കൊച്ചുത്രേസ്യാമ്മ ജോസഫ്, സുമം സ്കന്ദൻ എന്നിവർ പറഞ്ഞു.   ഇലക്ട്രിക് കണക്‌ഷന്റെയും ഒരു വാൽവിന്റെയും പേരിൽ തത്തംപള്ളി സംഭരണി കമ്മിഷൻ വൈകിക്കുന്നതായി കെ.ബാബു പറഞ്ഞു. സനാതനപുരത്ത് പൈപ്പ് പൊട്ടി ജല പാഴാകുന്നതായി എസ്. മനീഷയും പള്ളാത്തുരുത്തി പ്രദേശങ്ങളിൽ രാവിലെ 1 മണിക്കൂർ മാത്രമാണ് വെള്ളം കിട്ടുന്നതെന്ന് ബീന രമേഷും പഴയ ലൈൻ ഉള്ളപ്പോൾ തന്നെ അമൃത് പദ്ധതിയിൽ പുതിയ ലൈൻ വലിച്ചിട്ടും വെള്ളം ലഭിക്കുന്നില്ലെന്ന് തിരുവാമ്പാടി കൗൺസിലർ ആർ.രമേഷും പരാതി പറഞ്ഞു.

പുതിയ പൈപ്പ് ലൈൻ 9 കിലോമീറ്റർ കൂടി 
അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ദേശീയപാതയുടെ പടിഞ്ഞാറ് പ്രദേശങ്ങളിൽ 9 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ വലിക്കാൻ അനുമതിയായി. മഴക്കാലം വരുന്നതിന് മുൻപ് ലൈൻ വലിക്കണമെന്നല്ലാതെ ശുദ്ധജല പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുന്നതിനെക്കുറിച്ച് യോഗത്തിൽ പങ്കെടുത്ത വാട്ടർ അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞില്ല.

ഡിടിപിസിക്ക് കോടികൾ, നഗരസഭയ്ക്ക്  മാലിന്യം
ബീച്ചിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ നിന്നും ഡിടിപിസി പ്രതിവർഷം കുറഞ്ഞത് 4 കോടിയോളം രൂപ കൊണ്ടുപോകുമ്പോൾ നഗരസഭയ്ക്ക് അവിടെ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള ചുമതല മാത്രമാണെന്നു വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ നസീർ പുന്നയ്ക്കൽ, കൗൺസിലർമാരായ ബി.മെഹബൂബ്, ബി.നസീർ, മനു ഉപേന്ദ്രൻ എന്നിവർ പറഞ്ഞു. റെക്രിയേഷൻ മൈതാനം പാട്ടവ്യവസ്ഥ പ്രകാരം നഗരസഭയുടെ ആണെങ്കിലും പൊലീസ് കൈവശം വച്ചിരിക്കുകയാണെന്നും അവിടെ നിന്നുള്ള പാർക്കിങ് ഫീസും ഡിടിപിസി കൊണ്ടുപോകുകയാണെന്നു കെ.എസ്.ജയൻ പറഞ്ഞു.

സർവോദയപുരത്ത്  സ്റ്റേഡിയമില്ല
നഗരസഭയുടെ സർവോദയപുരത്തുള്ള സ്ഥലത്ത് സ്റ്റേഡിയം  നിർമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അതിനായി ഭൂമി ആർക്കും വിട്ടുകൊടുത്തിട്ടില്ലെന്നും എ.ഷാനവാസിന്റെ ചോദ്യത്തിന് നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ മറുപടി നൽകി.

തെരുവുനായ ഭീഷണി
നഗരം തെരുവ് നായ്ക്കളുടെ ഭീഷണിയിലാണെന്ന് കൗൺസിലർ ഹെലൻ ഫെർണാണ്ടസ് ചൂണ്ടിക്കാണിച്ചു. ട്യൂഷന് പോയ കുട്ടികളെ തെരുവ് നായ്ക്കളിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തി വീടുകളിൽ എത്തിച്ച കാര്യം ഹെലൻ വിശദീകരിച്ചു. മാധ്യമ പ്രവർത്തകയെയും കുഞ്ഞിനെയും തെരുവ് നായ കടിക്കാൻ ഓടിച്ചത് ആർ.രമേഷ് പറഞ്ഞു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരെ നിയന്ത്രിക്കാൻ ചെന്നതിന്റെ പേരിൽ,  മൃഗസ്നേഹികൾ ഒപ്പിട്ട നിവേദനം തനിക്കെതിരെ ഡൽഹിക്ക് അയച്ചെന്നും അവിടെ നിന്നും മൂന്നു നാല് തവണ വിളിച്ച് ശാസിച്ചെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷത എ.എസ്.കവിത പറഞ്ഞു. 

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവർക്ക് അവയെ വന്ധ്യംകരണം നടത്തി സംരക്ഷിക്കാനുള്ള ചുമതല ഉണ്ടെന്ന കാര്യം അവർ വിസ്മരിക്കുകയാണെന്നും കവിത പറഞ്ഞു. എബിസി പദ്ധതിക്ക് നഗരസഭ ഫണ്ട് നീക്കിവയ്ക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ അധ്യക്ഷത വഹിച്ചു. കക്ഷി നേതാക്കളായ സൗമ്യ രാജ്, ഡി.പി.മധു, കൗൺസിലർമാരായ എൽഡി റിച്ചാർഡ്, സി.അരവിന്ദാക്ഷൻ, ജി.ശ്രീലേഖ, മുനിസിപ്പൽ എൻജിനീയർ ഷിബു നാൽപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com