സ്മാർട്ടാകാതെ കെ സ്മാർട്ട്; നഗരസഭകളിൽ നികുതിപ്പിരിവ് കുറയുന്നു
Mail This Article
ആലപ്പുഴ∙ കെ സ്മാർട് വന്നതോടെ നഗരസഭകളുടെ പ്രവർത്തനം താളം തെറ്റുന്നു. ഓഫിസുകളിൽ കംപ്യൂട്ടറുകൾ ഉൾപ്പെടെ ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതും ഉദ്യോഗസ്ഥർക്കു വേണ്ടത്ര പരിശീലനം ലഭിക്കാത്തതുമാണു കാരണം. നികുതിദായകർ എല്ലാവരുടെയും പേരുവിവരങ്ങൾ കെ സ്മാർട്ടിൽ ചേർക്കാനായിട്ടല്ല. അതിനാൽ തന്നെ ഓഫിസുകളിൽ നികുതി അടയ്ക്കാനെത്തുന്നവർ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണ്. ഇതോടെ നികുതിപിരിവും കുത്തനെ കുറഞ്ഞു. എല്ലാ നികുതിദായകരുടെയും വിവരങ്ങൾ കെ സ്മാർട്ടിൽ ചേർക്കാൻ ഇനിയും സമയമെടുക്കും. കംപ്യൂട്ടർ സൗകര്യങ്ങളും കെ സ്മാർട് സോഫ്റ്റ്‌വെയറിൽ പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരും ഉണ്ടെങ്കിലേ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനാകൂ. കെ സ്മാർട്ടിൽ വിവരങ്ങൾ ചേർക്കാത്തതു സർട്ടിഫിക്കറ്റുകൾ നൽകുന്നതിനെയും ബാധിക്കുന്നുണ്ട്. പല ഓഫിസുകളിലും സർട്ടിഫിക്കറ്റുകൾക്കു വേണ്ടി അപേക്ഷ സമർപ്പിക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ട്. ജനന–മരണം, വിവാഹം റജിസ്ട്രേഷൻ ഒഴികെ മറ്റു സേവനങ്ങളെല്ലാം വൈകുകയാണ്.
ആലപ്പുഴ നഗരസഭയിൽ കെ സ്മാർട്ട് പൂർണതോതിൽ പ്രവർത്തനക്ഷമമാകാത്തതിനാൽ വസ്തുവകകൾ സംബന്ധിച്ചു നഗരസഭയ്ക്കു ലഭിക്കേണ്ടിയിരുന്ന നികുതി വരുമാനം 70% കുറഞ്ഞു. മുൻ വർഷങ്ങളിൽ ഫെബ്രുവരി ആദ്യത്തോടെ 80–90% നികുതി അടയ്ക്കാറുണ്ട്. എന്നാൽ ഇത്തവണ ഇതുവരെ 30% മാത്രമാണ് അടച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 9.5 കോടി രൂപ നികുതി ഇനത്തിൽ വരവ് ഉണ്ടായിരുന്നു. 2023 മാർച്ചിൽ 10 കോടി കവിഞ്ഞു. എന്നാൽ ഇത്തവണ ഇതുവരെ 3 കോടി പോലും ആയിട്ടില്ല. ബിൽ കലക്ടർമാരും മറ്റു റവന്യു ഉദ്യോഗസ്ഥരും വാർഡുകളിൽ ചെന്നും ഓഫിസ് വഴിയുമാണു നികുതി ശേഖരിച്ചിരുന്നത്. കെ സ്മാർട് വന്നതോടെ റവന്യു വിഭാഗത്തിൽ ഒരു കൗണ്ടർ മാത്രമായി. കെ സ്മാർട് സംവിധാനം പൂർണ സജ്ജമാകാതെ 100% നികുതി വരവ് കൈവരിക്കാൻ കഴിയില്ലെന്നാണു നഗരസഭ ഉദ്യോഗസ്ഥർ പറയുന്നത്.