ട്രാൻസ്മെൻ കേരളയാകാൻ ജയ്സൻ തയാർ; പരിശീലനത്തിനും മത്സരത്തിനുമുള്ള ചെലവ് വഹിക്കാനാകുന്നില്ല
Mail This Article
ആലപ്പുഴ∙ ജയ്സൻ മത്സരിച്ചതു തനിക്കു വേണ്ടിയല്ല, താൻ ഉൾപ്പെടെയുള്ള ഒരു വിഭാഗത്തിനു വേണ്ടിയാണ്. ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഓഫ് ആലപ്പി നടത്തിയ ജില്ലാതല മത്സരത്തിലാണു മുഹമ്മ കാട്ടുകട അനിൽനിവാസിൽ ജെ.ജയ്സൻ (27) ട്രാൻസ്മെൻ വിഭാഗത്തിൽ ചാംപ്യനായത്. പുരുഷ വിഭാഗത്തിൽ മത്സരിക്കാമെന്നിരിക്കെ മത്സരത്തിന്റെ സംഘാടകരോടു തനിക്കു ട്രാൻസ്മെൻ വിഭാഗത്തിൽ തന്നെ മത്സരിക്കണമെന്നു ജയ്സൻ ആവശ്യപ്പെടുകയായിരുന്നു.
കുറിയർ ബോയ് ആയി ജോലി ചെയ്തിരുന്ന ജയ്സൻ ഏതാനും വർഷങ്ങൾക്കു മുൻപാണു ബോഡി ബിൽഡിങ്ങിലേക്കു തിരിഞ്ഞത്. ഇപ്പോൾ ദിവസവും 5 മണിക്കൂറോളം ജിമ്മിൽ പരിശീലനം നടത്തുന്നുണ്ട്. ഇപ്പോൾ പത്തനംതിട്ട ചിറ്റാറിൽ എം.എസ്.സുനിൽ ടീച്ചർ നൽകിയ വീട്ടിലാണു ഭാര്യ അഞ്ജലിക്കൊപ്പം താമസം. സാമൂഹിക നീതി വകുപ്പും മറ്റു ചില വ്യക്തികളും സാമ്പത്തികമായി സഹായിച്ചതിനാലാണു ജയ്സനു ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനായത്. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ 50,000 രൂപയിലധികം ചെലവു വരും. ദേശീയതലത്തിൽ ട്രാൻസ്മെൻ ശരീരസൗന്ദര്യ മത്സരത്തിൽ പങ്കെടുക്കണമെന്നാണു ജയ്സന്റെ ആഗ്രഹം.