ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി ഗുണ്ടാസംഘം; വീടുവളഞ്ഞു പിടികൂടി
Mail This Article
കായംകുളം ∙ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടിയ കൊലക്കേസ് പ്രതിയുൾപ്പെടെയുള്ള ഗുണ്ടാസംഘം അറസ്റ്റിലായി. എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അതുലും മറ്റ് 9 പേരുമാണു പിടിയിലായത്. 6 പേർ പൊലീസിനെ കണ്ട് ഓടിപ്പോയി. ഇതിലൊരാളും കൊലക്കേസ് പ്രതിയാണ്. ഗുണ്ടാനേതാവ് നിധീഷിന്റെ പിറന്നാൾ ആഘോഷിക്കാനാണ് ഇവർ ഒത്തുകൂടിയതെന്നു പൊലീസ് പറഞ്ഞു. ബിജെപി നേതാവ് രൺജീത് ശ്രീനിവാസ് വധക്കേസിൽ വിധി വന്നതിനു പിന്നാലെ ഷാൻ വധക്കേസ് പ്രതിയുൾപ്പെടെ ഒത്തുകൂടിയത് വളരെ ഗൗരവത്തോടെയാണു പൊലീസ് കാണുന്നത്. ഷാൻ കൊല്ലപ്പെട്ടതിനു പിറ്റേന്നാണു രൺജീത്തിനെ കൊലപ്പെടുത്തിയത്.
ആഘോഷത്തിനായി ഒത്തുകൂടിയ ഗുണ്ടകൾ തമ്മിലടിക്കുന്നതായി വിവരം ലഭിച്ചാണു ചൊവ്വാഴ്ച രാത്രി 9ന് പൊലീസ് സംഘം എരുവയിലെ വീട്ടിൽ എത്തിയത്. 45 പേർ ഇവിടെ ഒത്തുകൂടിയെന്നാണു വിവരം. പൊലീസിനെക്കണ്ട് ഓടിപ്പോയ 6 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടകൾ വന്ന വാഹനങ്ങളും മറ്റും പൊലീസ് പിടിച്ചെടുത്തു. പിടിയിലായവരുടെ മൊബൈൽ ഫോണുകൾ വിശദമായി പരിശോധിക്കുന്നു. ഗുണ്ടകളുടെ ഒത്തുചേരലിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘബലം കാട്ടി ക്വട്ടേഷനുകൾ പിടിക്കാനുള്ള നീക്കമായിരുന്നോയെന്നും സംശയിക്കുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈഎസ്പി ജെ.അജയ്നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ ഗിരിലാൽ, കരീലക്കുളങ്ങര സിഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലാണു വീടു വളഞ്ഞു സംഘത്തെ പിടികൂടിയത്.
എരുവ നെടുവക്കാട്ട് നിധീഷ് കുമാർ (36), ഷാൻ വധക്കേസ് പ്രതി മണ്ണഞ്ചേരി ഒറ്റക്കണ്ടത്തിൽ അതുൽ (29), പത്തിയൂർ വിനീത് ഭവനത്തിൽ വിജീഷ് (30), കൃഷ്ണപുരം പുത്തൻപുര തെക്കതിൽ അനന്തു (20), ഇടുക്കി മുളകുവള്ളി കുത്തനാപിളളിൽ അലൻ ബെന്നി(27),തൃശൂർ തൃക്കല്ലൂർ, വാലത്ത് ഹൗസിൽ പ്രശാൽ( 29), പത്തിയൂർക്കാല വഞ്ചിയൂർ ഹബീസ്(32), പത്തിയൂർക്കാല ഏനാകുളങ്ങര വിമൽ ഭവനിൽ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദീൻ (38), ഹരിപ്പാട് മുട്ടം രാജേഷ് ഭവനിൽ രാജേഷ് കുമാർ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലക്കേസ് പ്രതിയായ മാട്ട കണ്ണൻ, തക്കാളി ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ, ലഹരിമരുന്നു വിൽപന സംഘത്തിൽപെട്ട അമൽ ഫാറൂഖ് സേട്ട് (മോട്ടി), വിജയ് കാർത്തികേയൻ എന്നിവരാണ് ഓടിപ്പോയത്.