ADVERTISEMENT

ചെട്ടികുളങ്ങര ∙ കൈകൾ കൂപ്പി കണ്ണടച്ചു നിന്നു ഭക്തരുടെ ചുണ്ടുകളിൽ നിന്നുയർന്നതു ദേവീ സ്തുതി, വാദ്യമേളവും വായ്ക്കുരവയും ഭക്തിയുടെ വേലിയേറ്റം ഒരുക്കിയ മണിക്കൂറുകൾ, 13 കരയിലെയും മക്കൾ സമർപ്പിച്ച തിരുമുൽകാഴ്ചകൾ ദർശിക്കാൻ അമ്മ കാഴ്ചക്കണ്ടത്തിലേക്ക് എഴുന്നള്ളി, ഭക്തിയുടെ ആവേശം കെട്ടുകാഴ്ചപ്പൊക്കത്തിന് അപ്പുറത്തേക്ക് ഉയർന്ന നിമിഷങ്ങൾ. മക്കളുടെ കാഴ്ചകൾ ദർശിച്ചു മനം നിറഞ്ഞു അനുഗ്രഹമേകി അമ്മ മടങ്ങിയതോടെ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭഭരണി ആഘോഷങ്ങൾക്കു തിരശീല വീണു. ഇനിയുള്ള കാത്തിരിപ്പ് അടുത്ത കുംഭഭരണി നാളിനായാണ്.

നടക്കാവ് കരയുടെ കുതിരയും കാഴ്ചക്കണ്ടത്തിൽ അണിനിരന്നതിനു ശേഷം ക്ഷേത്രത്തിൽ കുംഭഭരണി സമ്മേളനം നടന്നു. കൊടിക്കുന്നിൽ സുരേഷ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡന്റ് ബി.ഹരികൃഷ്ണൻ അധ്യക്ഷനായി. തുടർന്നു ദക്ഷയാഗം കഥകളി അരങ്ങിൽ രസഭാവം വിരിയിക്കവേ കാത്തുനിന്ന ഭക്ത മനസ്സുകളിൽ ആഹ്ലാദമുയർത്തി ചെട്ടികുളങ്ങര ഭഗവതി എഴുന്നള്ളി. ക്ഷേത്രത്തിന്റെ 4 നടകളിലും വേലകളി ദർശിച്ച ശേഷം ഭഗവതി 13 കരക്കാർ നിരത്തിയ കാഴ്ചകൾ ദർശിക്കാനായി കാഴ്ചക്കണ്ടത്തിലെത്തി.

തീവെട്ടിയും കുത്തുവിളക്കും പ്രഭ ചൊരിയവേ മെഴുവട്ടക്കുട, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ എത്തിയ ഭഗവതി ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നീ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾക്കു മുന്നിലെത്തി താളം ചവിട്ടി അനുഗ്രഹം ചൊരിഞ്ഞു മടങ്ങി. മണിക്കൂറുകളോളം നീണ്ടു നിന്ന ചടങ്ങ് ഭക്തർക്കു അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. കാഴ്ചകൾ കണ്ടു മനം നിറഞ്ഞു അമ്മ ക്ഷേത്രത്തിലേക്കു മടങ്ങിയതോടെ കെട്ടുകാഴ്ചകളുമായി മക്കളും കരകളിലേക്കു മടങ്ങി, അടുത്തു കുംഭഭരണിക്കായുള്ള കാത്തിരിപ്പിന്റെ മനസ്സോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com