വൃക്കരോഗികൾക്കായി നാടൊന്നിച്ചു; സമാഹരിച്ചത് 25 ലക്ഷം രൂപ
Mail This Article
ഹരിപ്പാട് ∙ വൃക്കരോഗികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ചെറുതന പഞ്ചായത്തിലെ ജനങ്ങൾ ഒരുമിച്ചപ്പോൾ സമാഹരിക്കാനായത് 25 ലക്ഷം രൂപ. നിർധന കുടുംബത്തിലെ അംഗങ്ങളായ ജയന്തിയും, വിഷ്ണുവും ഇരുവൃക്കകളും തകർന്ന് ജീവൻ മരണ പോരാട്ടത്തിലാണ്. അടിയന്തരമായി വൃക്ക മാറ്റിവച്ചെങ്കിൽ മാത്രമേ ഇവർക്ക് ജീവൻ നിലനിർത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി എ.എം. ആരിഫ് എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ മുഖ്യരക്ഷാധികാരിമാരായി ജീവൻ രക്ഷാ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം 4 മണിക്കൂർ കൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞത്.
നാടിന്റെ നന്മയുടെ വിജയമാണെന്ന് സമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, കൺവീനർ മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ്, കോഓർഡിനേറ്റർ ബെന്നി മാത്യൂസ് എന്നിവർ പറഞ്ഞു. ഇതുസംബന്ധിച്ച് വെട്ടുവേലിൽ ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജീവൻ രക്ഷാ സമിതിയുടെ രക്ഷാധികാരി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി. പ്രസാദ്, സമിതി ഭാരവാഹികളായ ബെന്നി മാത്യൂസ്, പദ്മജ മധു, പ്രണവം ശ്രീകുമാർ, അനിരുദ്ധൻ, സണ്ണി ജോർജ്, പി.ജി. ശശി, സജി, ആർ. രാജേഷ്, ടി. മുരളി, ഷാജൻ ജോർജ്, എസ്. അനില, നിസാർ അഹമ്മദ്, ബിനു ചെല്ലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.