അരൂർ– തുറവൂർ ആകാശപ്പാത: വൈദ്യുതക്കമ്പിക്കു പകരം കേബിൾ; 75% പൂർത്തിയായി
Mail This Article
തുറവൂർ ∙ അരൂർ–തുറവൂർ ആകാശപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതക്കമ്പികൾ മാറ്റി കേബിളുകൾ സ്ഥാപിക്കുന്ന ജോലി 75% പൂർത്തിയായി. പാതയ്ക്കു കുറുകെ 11 കെവി ലൈൻ പോകുന്ന ജോലി നടക്കുന്നതിനാൽ ഇന്നലെ തുറവൂർ–അരൂർ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചേർത്തലയിൽ കൊച്ചി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂർ ജംക്‌ഷനിൽ നിന്നു തുറവൂർ –ടിഡി–കുമ്പളങ്ങി റോഡ് വഴി വഴിതിരിച്ചുവിട്ടു. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ ആകാശപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് നിലവിലെ വൈദ്യുതക്കമ്പികൾ മാറ്റി കേബിളുകൾ സ്ഥാപിക്കുന്നത്.
പാതയ്ക്കു കുറുകെ 11 കെവി ലൈൻ പോകുന്ന കേബിളുകൾ യന്ത്ര സഹായത്തോടെ ഭൂമി തുരന്ന് സ്ഥാപിക്കുന്ന ജോലി ഭൂരിഭാഗം പൂർത്തിയായി. അരൂർ മുതൽ തുറവൂർ വരെ 34 ഇടങ്ങളിലാണ് പാതയ്ക്കു കുറുകെ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നത്. കുത്തിയതോട് വൈദ്യുതി സെക്‌ഷൻ കീഴിൽ 13 എണ്ണവും അരൂർ വൈദ്യുതി സെക്‌ഷൻ കീഴിൽ 21 എണ്ണവുമാണുള്ളത്. കുത്തിയതോട് വൈദ്യുത സെക്‌ഷൻ പരിധിയിൽ തുറവൂർ മുതൽ വടക്കോട്ട് പാതയോരത്തുള്ള വൈദ്യുതക്കമ്പികൾ മാറ്റി പോസ്റ്റിൽ തന്നെ കേബിളുകൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നുണ്ട്. ആകാശപ്പാത പൂർത്തിയാകുമ്പോൾ വൈദ്യുതക്കമ്പികൾ പാതയ്ക്കരികിലൂടെ പോകുന്നതിനാൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പാതയ്ക്കിരുവശവും കേബിളുകൾ സ്ഥാപിക്കുന്നത്.