ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടർ ടിക്കറ്റ് ബുക്കിങ് ഓഫിസിലേക്കു മാറ്റി; വലഞ്ഞ് യാത്രക്കാർ
Mail This Article
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടർ ടിക്കറ്റ് ബുക്കിങ് ഓഫിസിലേക്കു മാറ്റിയതു യാത്രക്കാരെ വലയ്ക്കുന്നു. ഇനി യാത്രാടിക്കറ്റ് നൽകുന്ന കൗണ്ടറിനോടൊപ്പമാണ് റിസർവേഷൻ ടിക്കറ്റുകളും നൽകുക എന്നതിനാൽ ഈ കൗണ്ടറിലെ തിരക്ക് നിയന്ത്രണാതീതമാകും. റിസർവേഷൻ കൗണ്ടറുകൾ നിർത്തലാക്കാനുള്ള റെയിൽവേ നയത്തിന്റെ ഭാഗമാണു നടപടി. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിടുന്നു. പ്രധാന കെട്ടിടത്തിനു താഴെ രണ്ടു കൗണ്ടറുകളിലായി 4 ജീവനക്കാരോടു കൂടി പ്രവർത്തിച്ചിരുന്ന റിസർവേഷൻ വിഭാഗമാണ് കഴിഞ്ഞ ദിവസം മുതൽ യാത്രാ ടിക്കറ്റ് നൽകുന്ന മുറിയിലേക്ക് മാറ്റിയത്.ഇനി മുതൽ തത്കാൽ ടിക്കറ്റ് നൽകുന്ന സമയത്ത് ഒഴികെ രണ്ടിനം ടിക്കറ്റുകളും ഒരേ കൗണ്ടറിൽ നിന്നു ലഭിക്കും.
ഇതു മൂലം കൂടുതൽ ബുദ്ധിമുട്ടുക യാത്രാടിക്കറ്റ് വാങ്ങാനെത്തുന്നവരാകും.റിസർവേഷനോ യാത്രാ ടിക്കറ്റിനോ മുൻഗണന ഉണ്ടാകില്ല. പതിനായിരക്കണക്കിനു ശബരിമല തീർഥാടകർ ആശ്രയിക്കുന്ന സ്റ്റേഷനിൽ പുതിയ സമ്പ്രദായം കൂടുതൽ അസൗകര്യം സൃഷ്ടിക്കും. ഇക്കഴിഞ്ഞ ശബരിമല സീസണിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചാണു കൗണ്ടറിലെ തിരക്ക് നിയന്ത്രിച്ചത്. ഇപ്പോൾ നാലു കൗണ്ടറുകൾ ഒരേ മുറിയിലേക്കു പ്രവർത്തിച്ചു തുടങ്ങിയത് ജീവനക്കാർക്കും അസൗകര്യമായി.സ്റ്റേഷനിൽ പാഴ്സൽ സർവീസ് നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. ലഗേജ് ബുക്കിങ് കഴിഞ്ഞ ഡിസംബറിൽ അവസാനിപ്പിച്ചു. സ്റ്റേഷനിൽ പൊതുജനങ്ങൾക്കു വിവരങ്ങൾ അറിയാനായി നൽകിയിരുന്ന ഫോൺ നമ്പർ സേവനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു.