കണക്കില്ലാ സങ്കടക്കടൽ കാത്തുനിന്നു; ധനുഷയുടെ കണക്കുപരീക്ഷ കഴിയുംവരെ
Mail This Article
കായംകുളം ∙ പരീക്ഷാഹാളിൽ അവസാന മണിമുഴങ്ങുമ്പോഴും ധനുഷയറിഞ്ഞില്ല, പരീക്ഷ കഴിഞ്ഞു താൻ മടങ്ങിയെത്തുന്നതും കാത്ത് ഇനി അച്ഛനില്ലെന്ന്. കായംകുളം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിയായ ധനുഷ സതീഷ് ഇന്നലെ എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം കാത്തുകിടക്കുകയായിരുന്നു. ഞായറാഴ്ച രാത്രി നടന്ന ബൈക്ക് അപകടത്തിൽ അച്ഛൻ മരിച്ചതറിയാതെ ധനുഷ പരീക്ഷ എഴുതിത്തീർത്തു. തണൽ നഷ്ടമായ സങ്കടവീട്ടിലേക്ക് കരഞ്ഞെത്തി.
പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംക്‌ഷനിൽ ഞായറാഴ്ച രാത്രി നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിലാണു പുള്ളിക്കണക്ക് മയൂരി ഹൗസിൽ സതീശ് കുമാർ(45) മരിച്ചത്. സതീഷിന്റെ മരണവിവരം ഇന്നലെ ഉച്ചവരെ ഭാര്യയെയും മക്കളെയും അറിയിച്ചിരുന്നില്ല.
ബന്ധുവായ അനിതയാണ് രാവിലെ ധനുഷയെ സ്കൂളിലേക്ക് കൊണ്ടുപോയതും ഉച്ചയ്ക്ക് കൂട്ടിക്കൊണ്ടുവന്നതും. ചില അധ്യാപകരും സഹപാഠികളും മരണവിവരം അറിഞ്ഞെങ്കിലും ധനുഷ അറിയാതിരിക്കാൻ കരുതലെടുത്തു. ധനുഷ മടങ്ങിയെത്തിയ ശേഷമാണ് അമ്മയോടും സഹോദരി മയൂരിയോടും ബന്ധുക്കൾ മരണവിവരം പറഞ്ഞത്.
കായംകുളത്തെ ഹെയർ സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരിച്ച സതീഷ്. ബൈക്കിൽ കൂടെയുണ്ടായിരുന്ന പുള്ളിക്കണക്ക് മണ്ണത്ത് നന്ദനത്തിൽ ബിജു ബാബു (45) വിനെ പരുക്കുകകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം കംബ ബ്യൂട്ടി പാർലർ ജീവനക്കാരി ധന്യയാണ് സതീഷിന്റെ ഭാര്യ.