ആത്മ സംസ്കരണ മാസത്തിന് തുടക്കം; ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ
Mail This Article
ആലപ്പുഴ ∙ വിശുദ്ധ റമസാൻ പ്രതീക്ഷിച്ചു കൊണ്ടുള്ള വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമം. മാസപ്പിറവി ദൃശ്യമായതോടെ വൃതാനുഷ്ഠാനത്തിന്റെയും പ്രാർഥനയുടെയും നാളുകൾക്ക് ഇന്ന് മുതൽ തുടക്കം. ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മ സംസ്കരണത്തിന്റെ നാളുകൾ ആയിരിക്കും.
ചുട്ടുപൊള്ളുന്ന വേനൽ ചൂടിലാണ് ഇത്തവണയും റമസാൻ മാസം എത്തുന്നത്. റമസാനിനെ വരവേൽക്കാൻ മസ്ജിദുകളും ഭവനങ്ങളും ആഴ്ചകൾക്ക് മുൻപേ ഒരുക്കം തുടങ്ങിയിരുന്നു. മസ്ജിദുകളുടെ അകവും പുറവും ശുചീകരിക്കുകയും പെയിന്റിങ് അടക്കമുള്ള ജോലികളും കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഇഫ്താർ വിരുന്നിലും രാത്രി നടക്കുന്ന തറാവീഹ് നമസ്കാരത്തിനും എത്തുന്നവർക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നോമ്പ് തുറ വിഭവങ്ങൾ ഒരുക്കുന്നതിന് പ്രത്യേക പാചകപ്പുരയും ഒരുക്കിയിട്ടുണ്ട്.
റമസാൻ വിപണി ലക്ഷ്യമിട്ട് പ്രത്യേക കടകളും നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു. ഹിജ്റ കലണ്ടറിലെ ഒൻപതാമത്തെ മാസമായ റമസാൻ വിശ്വാസികൾക്ക് അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മാസം കൂടിയാണ്. പാപ മുക്തവും പരസ്പര സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പരിശീലന കാലം കൂടിയാണ് റമസാൻ മാസം.