മാവേലിക്കരയിൽ ആവേശമായി കൊടിക്കുന്നിലിന്റെ റോഡ് ഷോ
Mail This Article
മാവേലിക്കര ∙ ആവേശമുയർത്തി യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് എംപിയുടെ റോഡ് ഷോ. കഴിഞ്ഞ ദിവസം കുട്ടനാട് മണ്ഡലത്തിൽ നടന്ന റോഡ് ഷോയിൽ മുഴുവനായി പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.കെ.കൃഷ്ണൻകുട്ടിയുടെ ആകസ്മിക വിയോഗത്തെ തുടർന്നു റോഡ് ഷോ വൈകിയാണ് ആരംഭിച്ചത്.നിയമസഭ മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ ആദിക്കാട്ടുകുളങ്ങരയിൽ നിന്നാരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു രാത്രിയോടെയാണു മാങ്കാംകുഴിയിൽ സമാപിച്ചത്.
നൂറനാട് മുത്താരമ്മൻ കോവിലിനു മുന്നിലുണ്ടായിരുന്ന ചെണ്ടകൊട്ട് സംഘത്തിൽ നിന്നും ചെണ്ട വാങ്ങി താളമിട്ട കൊടിക്കുന്നിൽ സുരേഷ് മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയാണു പ്രസംഗിച്ചത്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്ന ഘോഷയാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരും എത്തിയിരുന്നു.ലോക്സഭ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കോശി എം.കോശി റോഡ് ഷോ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.ഗോപൻ അധ്യക്ഷനായി. ഷമീർ വള്ളികുന്നം, എം.അമൃതേശ്വരൻ. അനി വർഗീസ്, ജി.ഹരിപ്രകാശ്, കെ.ആർ.മുരളീധരൻ, കെ.വി.ശ്രീകുമാർ, ജി.വേണു തുടങ്ങിയവർ പ്രസംഗിച്ചു.