ADVERTISEMENT

ആലപ്പുഴ∙ മങ്കൊമ്പിൽ മഴക്കാലത്തു വെള്ളപ്പൊക്കം അസാധാരണമല്ല. എന്നാൽ നിത്യപൂജ പോലും മുടക്കി ഭഗവതി ക്ഷേത്രത്തെ പ്രളയം മുക്കിയാലോ? നാട്ടുകാരും ഭക്തരുമെല്ലാം ഒത്തുചേർന്ന് അതിനൊരു പരിഹാരമുണ്ടാക്കി– മങ്കൊമ്പ് ഭഗവതിക്ഷേത്രം ഉയർത്തുക. ക്ഷേത്രത്തെ തറനിരപ്പിൽ നിന്ന് ആറടി ഉയർത്തുന്ന ആ മഹാസംരംഭം ഫലപ്രാപ്തിയിലെത്തുകയാണ്. 22 ന് പുനഃപ്രതിഷ്ഠ നടത്തി ഭഗവതിയെ കുടിയിരുത്തുന്നു. ഏപ്രിൽ 13 ന് ധ്വജപ്രതിഷ്ഠ. ഒരു നാടും ഭക്തരും ഒത്തുചേർന്നാണ് ചെലവിന്റെ വൻതുക സമാഹരിച്ചു കൊണ്ടിരിക്കുന്നത്.


മങ്കൊമ്പ് ക്ഷേത്രത്തിൽ 
വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ (ഫയൽ ചിത്രം).
മങ്കൊമ്പ് ക്ഷേത്രത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ (ഫയൽ ചിത്രം).

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രം പമ്പ, മണിമല നദികൾ ചേർന്നൊഴുകുന്നതിനു സമീപമാണ്.  2018ലെ പ്രളയത്തിൽ ക്ഷേത്രത്തിനകത്തും വെള്ളമെത്തി.  മൂന്നാഴ്ച നിത്യപൂജയില്ലാതെ അടച്ചിടേണ്ടിവന്നു. പ്രളയത്തെത്തുടർന്നു ക്ഷേത്രം ഉൾപ്പെടെ സ്ഥലം താഴേക്ക് ഇരുന്നു. നല്ലൊരു മഴ പെയ്താൽ പോലും പിന്നെ വെള്ളക്കെട്ട് പതിവായി. അങ്ങനെയാണു ക്ഷേത്രം ഉയർത്താൻ തീരുമാനിച്ചത്.  





മങ്കൊമ്പ് ഭഗവതി ക്ഷേത്രം ജാക്കി ഉപയോഗിച്ച് ഉയർത്തിയപ്പോൾ
മങ്കൊമ്പ് ഭഗവതി ക്ഷേത്രം ജാക്കി ഉപയോഗിച്ച് ഉയർത്തിയപ്പോൾ

8 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള 400 ജാക്കികൾ ഉപയോഗിച്ചു ചുറ്റമ്പലം 6 അടി ഉയർത്തി. ചുറ്റമ്പലത്തിന്റെ വെട്ടുകല്ലിൽ തീർത്ത അടിത്തറയും പാദുകവും പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്ത ശേഷമാണു ജാക്കികൾ സ്ഥാപിച്ചത്. ചുറ്റമ്പലത്തിനൊപ്പം ക്ഷേത്ര ഗോപുരം, ആനക്കൊട്ടിൽ, സേവാ പന്തൽ, രണ്ടു കളിത്തട്ടുകൾ, മൂലസ്ഥാനം എന്നിവയും ഉപദേവതകളുടെ രണ്ടു ശ്രീകോവിലുകളും പുനർനിർമിക്കുന്നുണ്ട്.

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.കെ.വിജയൻ പനച്ചിപ്പറമ്പ്, വൈസ് പ്രസിഡന്റ് പരമേശ്വരൻ നായർ വന്ദേമാതരം, സെക്രട്ടറി സത്യശീലൻ നായർ പണിക്കരേടം, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ കടമാട്, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.

ഉത്സവം കൊടിയേറ്റം വിഷുവിന് 
തിരുവിതാംകൂർ രാജാവിന്റെ സ്ഥാനിയായിരുന്ന പൗവ്വത്തിൽ കൈമൾ വീടു പണിയാൻ പാലായ്ക്കടുത്ത് മങ്കൊമ്പു മലയിൽ നിന്നു തടി വെട്ടി പമ്പയിലൂടെ ആലപ്പുഴയ്ക്കു കൊണ്ടുവരുമ്പോൾ അതു കരയിലുടക്കിയെന്നും തടിയിലെ ദേവസാന്നിധ്യമറിഞ്ഞ് ആ പ്രദേശത്തു ഭഗവതിക്കു ക്ഷേത്രം നിർമിച്ചെന്നുമാണ് ഐതിഹ്യം.  മൂന്നിലവ് മങ്കൊമ്പു കാവാണു ഭഗവതിയുടെ മൂലസ്ഥാനം. ഇവിടെ നിന്നു പലയിടത്തും പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും ഭഗവതിയുടെ പൂർണരൂപം മങ്കൊമ്പിൽ ഉൾപ്പെടെ മൂന്നിടത്തേയുള്ളൂ. മേടമാസത്തിൽ വിഷുവിനു കൊടിയേറി പത്താമുദയത്തിനു സമാപിക്കുന്നതാണ് ഉത്സവം. പകലാണ് ആറാട്ട്. പത്താമുദയ നാളിൽ ഗരുഡൻ തൂക്കമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com