അരൂർ– തുറവൂർ ഉയരപ്പാത നിർമാണം; ഗതാഗത നിയന്ത്രണത്തിന് പൊലീസ് വേണം
Mail This Article
തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം അപകടങ്ങൾ കുറയ്ക്കാൻ ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസിന്റെ സേവനം വേണമെന്നാവശ്യം ശക്തമാകുന്നു. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിലാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉയരപ്പാത വരുന്നത്. 45 മീറ്റർ നാലുവരി പാതയിൽ പാതയുടെ മധ്യത്തിൽ നിന്നു ഇരുവശങ്ങളിലുമായി രണ്ടുവരി പാത തൂണുകളുടെ നിർമാണ ജോലിയുടെ ഭാഗമായി കെട്ടിമറച്ചു. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. പാതയുടെ ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതി കൂട്ടിയെങ്കിലും 2 വാഹനങ്ങൾ കഷ്ടിച്ചാണ് പോകുന്നത്.
ഗതാഗതം നിയന്ത്രിക്കുന്നതിനായി കരാറുകാർ മാർഷൽമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരെ ആരും വകവയ്ക്കാറില്ല. പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചാൽ അപകടങ്ങൾ കുറയ്ക്കാനാകും. മുൻപ് ചേർത്തല മുതൽ അരൂർ വരെയുള്ള പാതയിൽ ലൈൻ ട്രാഫിക് പരിശോധനയ്ക്കായി ഒരു ജീപ്പും ഹൈവേ പൊലീസും പാതയിലുണ്ടായിരുന്നു. നിലവിൽ ഹൈവേ പൊലീസിന്റെ വാഹനം മാത്രമാണുള്ളത്.ആലപ്പുഴ ഭാഗത്തുനിന്നു കൊച്ചി ഭാഗത്തേക്ക് പോകുന്ന 4.5 മീറ്ററിൽ ഉയരമുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുറവൂരിൽ ഹൈറ്റ് ബാരിയർ സ്ഥാപിച്ചിരുന്നു.
എന്നാൽ സ്ഥാപിച്ച മണിക്കൂറുകൾക്കുള്ളിൽ തന്നെ ചരക്കുലോറി ഇടിച്ചു ബാരിയർ തകർന്നു. ഉയരപ്പാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഇരുമ്പ് ബാരിക്കേഡുകൾക്ക് മുകളിൽ ബ്ലിങ്കർ ലൈറ്റുകളും സ്റ്റിക്കറുകളും സ്ഥാപിച്ചിരുന്നു. രാത്രി സമയങ്ങളിൽ മിന്നുന്ന 700 മുതൽ 750 രൂപ വിലയുള്ള 2500 ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗം ലൈറ്റുകളും മോഷണം പോയെന്നാണു കരാറുകാർ പറയുന്നത്.