കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ണിൽ ഇരുമ്പു പൈപ്പ് തുളച്ചു കയറി; ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി
Mail This Article
ചെങ്ങന്നൂർ ∙ ‘ഇടതുവശത്തെ ഇരുട്ടു ചേർന്നെത്തുന്ന വാഹനങ്ങളെ ഭയന്ന് തനിച്ചു റോഡിലിറങ്ങാൻ പോലുമാകുന്നില്ല. വെയിലേൽക്കാൻ കഴിയില്ല, അടുപ്പിൽ നിന്നുള്ള ചൂട് തട്ടാനാകില്ല, എരിവുള്ള കറി കൂട്ടിയാൽ പോലും കണ്ണിന് അസ്വസ്ഥതയാണ്.’ അഞ്ചു കൊല്ലം മുൻപ് ആരുടെയൊക്കെയോ അശ്രദ്ധ കവർന്നത് ഇരുത്തിയേഴുകാരി അഞ്ജുവിന്റെ പാതി കാഴ്ചയാണ്, പാതി ജീവിതവും. അറിയില്ലേ അഞ്ജുവിനെ ? കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ ബേക്കറിക്കു മുന്നിലെ ഇരുമ്പു പൈപ്പ് തുളച്ചു കയറി ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായ ചെങ്ങന്നൂർ കുമ്പിൾനിൽക്കുന്നതിൽ ചെറിയാൻ (ജോയി)– അമ്മിണി ദമ്പതികളുടെ മകൾ അഞ്ജു.
2019 മേയ് 7ന് എംസി റോഡരികിൽ ചെങ്ങന്നൂർ വെള്ളാവൂർ ജംക്‌ഷനു സമീപമായിരുന്നു അപകടം. എതിരെയെത്തിയ വാഹനത്തിനു സൈഡ് കൊടുക്കാനായി ബസ് ഇടതുവശത്തേക്ക് ഒതുക്കിയപ്പോൾ മാമ്മൻ മെമ്മോറിയൽ ആശുപത്രിക്കു സമീപത്തെ ബേക്കറിക്കു മുന്നിൽ പടുത ഇറക്കി കെട്ടിയിരുന്ന ജിഐ പൈപ്പ് ഡ്രൈവർ സീറ്റിന് എതിർവശത്തിരുന്ന അഞ്ജുവിന്റെ ഇടതു കണ്ണിലേക്കു പൈപ്പ് തുളച്ചു കയറുകയായിരുന്നു. ആയുർവേദ ആശുപത്രിയിലെ നഴ്സായിരുന്ന അഞ്ജുവിന് അപകടത്തെ തുടർന്നു ജോലിക്കു പോകാൻ കഴിഞ്ഞിട്ടില്ല.
‘ഒരു ഭാഗത്തെ കാഴ്ച ഇല്ലാതായതോടെ തനിച്ചു റോഡിൽ കൂടി നടക്കാനുള്ള ധൈര്യമില്ലാതായി. മറ്റാരെങ്കിലും കൂടെ വേണമെന്ന സ്ഥിതി. അപകടം നടന്നിട്ട് 5 കൊല്ലമാകുമ്പോഴും സർക്കാർ സഹായമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അപകടത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് കോടതിയിലാണ്.’ അഞ്ജു പറയുന്നു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു ചികിത്സ. കാഴ്ച തിരികെ കിട്ടില്ലെന്നതിനാൽ കൃത്രിമക്കണ്ണ് ഘടിപ്പിച്ചിരിക്കുകയാണ്. കണ്ണു പോലെ തോന്നിക്കുമെന്നേയുള്ളൂ. അപകടം നടന്ന് ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം. ഓട്ടോഡ്രൈവറായ സൈമൺ ആണ് അഞ്ജുവിന്റെ ഭർത്താവ്. മകൻ എൽവിൻ. അപകടത്തെ തുടർന്നു നഗരത്തിലെ അനധികൃത നിർമിതികൾ നീക്കം ചെയ്യാൻ കർശന നടപടിയുമായി നഗരസഭ മുന്നിട്ടിറങ്ങിയെങ്കിലും വീണ്ടും സ്ഥിതി പഴയ പടിയായി.