ADVERTISEMENT

ആലപ്പുഴ ∙ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പ്രചാരണം സ്വീകരണ പര്യടനത്തിലേക്കു കടന്നു. ഇന്നലെ ആദ്യദിനത്തിലെ പര്യടനം മുഹമ്മയിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. ചേർത്തല നിയമസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥിക്കു സ്വീകരണം നൽകി.സ്വീകരണ പര്യടനത്തിൽ മന്ത്രിമാരായ പി.പ്രസാദും സജി ചെറിയാനും ഒപ്പമുണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ മണ്ഡലത്തിലെ കോളജ് ക്യാംപസുകളിലാണു പ്രധാനമായും പ്രചാരണം നടത്തിയത്. ആലപ്പുഴ എസ്ഡി കോളജിലും അമ്പലപ്പുഴ ഗവ. കോളജിലും സ്ഥാനാർഥി വിദ്യാർഥികൾക്കൊപ്പം നിറങ്ങൾ പൂശി ഹോളി ആഘോഷിച്ചു. നങ്ങ്യാർകുളങ്ങര ടികെഎംഎം, കായംകുളം വനിതാ പോളിടെക്നിക്, എംഎസ്എം, ആലപ്പുഴ സെന്റ് ജോസഫ്സ്, ചേർത്തല എസ്എൻ, സെന്റ് മൈക്കിൾസ് എന്നീ കോളജുകളിലും വോട്ട് തേടി. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനു ലോക്സഭാ മണ്ഡലം കൺവൻഷനായിരുന്നു പ്രധാന പരിപാടി. ആലപ്പുഴയിൽ നടന്ന കൺവൻഷൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മാവേലിക്കര ∙  യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പ്രചാരണം തുടങ്ങിയത് മാർത്തോമ്മാ സഭ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനത്തിലെത്തി ഡോ. യുയാക്കിം മാർ‍ കൂറിലോസിന്റെ അനുഗ്രഹം തേടിക്കൊണ്ടാണ്. തുടർന്നു ചെങ്ങന്നൂർ ടൗണിലെ സ്ഥാപനങ്ങളിലെത്തി വോട്ട് തേടി. കാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളിൽ‍ പങ്കെടുത്ത് ഗായകസംഘത്തിനൊപ്പം സ്ഥാനാർഥി ഭക്തിഗാനം ആലപിച്ചു. മാവേലിക്കര ബിഷപ് മൂർ കോളജിലും മാർ ഇവാനിയോസ് കോളജിലും ചാരുംമൂട്ടിലെ സ്ഥാപനങ്ങളിലും വോട്ട് തേടി. ബിഷപ് സാബു മലയിൽ കോശിയെയും സന്ദർശിച്ചു. വൈകിട്ട് ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദിലെ നോമ്പുതുറയിൽ പങ്കെടുത്തു.

എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ കുമാർ ആലപ്പുഴ കോടതിയിലെത്തി രാഷ്ട്രീയ കേസുകളിൽ ജാമ്യമെടുത്തു. എഐവൈഎഫ് സമരത്തിൽ പങ്കെടുത്തതിന്റെ പേരിലുള്ള കേസിലാണിത്. തുടർന്ന് അഭിഭാഷകരോടു വോട്ട് അഭ്യർഥിച്ചു. കെട്ടിവയ്ക്കാനുള്ള തുക എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവർ സ്ഥാനാർഥിക്കു കൈമാറി. എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിയാണു പ്രചാരണം തുടങ്ങിയത്.  മൗണ്ട് ഹോറേബ് ആശ്രമവും സന്ദർശിച്ചു. കശുവണ്ടി ഫാക്ടറികളിലും ഭരണിക്കാവ്, നെടിയവിള ജംക്‌ഷനുകളിലും വോട്ട് തേടി. തുടർന്നു പത്തനാപുരത്തു റോഡ്ഷോ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com