മകളെത്തേടിയെത്തി, പിന്നാലെ കേട്ടത് മരണവാർത്ത; ഹാഷിം പോയത് ഫോൺ വിളിയെ തുടർന്നെന്ന് പിതാവ്
Mail This Article
ചാരുംമൂട് (ആലപ്പുഴ) ∙ തുമ്പമൺ ഗവ. എച്ച്എസ്എസ് അധ്യാപിക അനുജയെ കാറിലെത്തിയ യുവാവ് വാൻ തടഞ്ഞു വിളിച്ചുകൊണ്ടുപോയെന്ന വിവരമറിഞ്ഞ് അടൂരിലെത്തിയ പിതാവ് രവീന്ദ്രൻ തൊട്ടുപിന്നാലെ കേട്ടതു മകളുടെ മരണവാർത്തയാണ്. വിനോദയാത്രയിൽ അനുജയ്ക്കൊപ്പമുണ്ടായിരുന്ന അധ്യാപകരാണ് അനുജയെ വിഷ്ണു എന്ന യുവാവ് വിളിച്ചുകൊണ്ടുപോയെന്നു വീട്ടുകാരെ അറിയിച്ചത്.
തിരുവനന്തപുരത്തുനിന്നു മടങ്ങുമ്പോൾ കുളക്കടയിൽ വച്ചാണു അനുജയും മറ്റും സഞ്ചരിച്ച വാനിനു കുറുകെ കാർ നിർത്തി ഹാഷിം അനുജയോട് ഇറങ്ങാൻ പറഞ്ഞത്. അനുജ പോയ ശേഷം പിതാവിനെ ഫോണിൽ വിവരം അറിയിച്ചു. എന്നാൽ, വിഷ്ണു എന്നൊരു ബന്ധുവില്ലെന്നു രവീന്ദ്രൻ പറഞ്ഞു. പിന്നാലെ രവീന്ദ്രനും അനുജയുടെ സഹോദരൻ അനൂപും അടൂരിലെത്തി. പഞ്ചായത്തംഗവും ഒപ്പമുണ്ടായിരുന്നു.
സഹ അധ്യാപകരോടു വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ നൂറനാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥൻ പഞ്ചായത്തംഗത്തെ ഫോണിൽ വിളിച്ചാണ് അപകട വിവരം അറിയിച്ചത്. അപകട സ്ഥലത്തുനിന്ന് ആദ്യം അനുജയെയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും അനുജ മരിച്ചിരുന്നു. പിന്നാലെ എത്തിച്ച ഹാഷിം ആശുപത്രിയിൽ മരിച്ചു. അനുജ വിവാഹിതയാണ്.
ഹാഷിം പോയത് ഫോൺ വിളിയെ തുടർന്നെന്ന് പിതാവ്
ചാരുംമൂട് ∙ രാത്രി ഏഴരയോടെ വന്ന ഫോൺവിളിയെ തുടർന്നാണു ഹാഷിം വീട്ടിൽ നിന്നു പോയതെന്നും രാത്രി പത്തരയോടെ മരണവാർത്തയാണ് അറിഞ്ഞതെന്നും പിതാവ് പിതാവ് അബ്ദുൽ ഹക്കിം പറഞ്ഞു. ക്രൂരസ്വഭാവമില്ലാത്ത ഹാഷിമിന് ഇങ്ങനെ ചെയ്യാൻ കഴിയില്ലെന്നാണു പിതാവ് പറയുന്നത്. പ്രദേശത്തെ ചെറുപ്പക്കാരുമായി നല്ല സൗഹൃദത്തിലായിരുന്നു ഹാഷിം. ഇങ്ങനെയൊരു ബന്ധത്തെപ്പറ്റി കൂട്ടുകാർക്കും അറിയില്ല. ചാരുംമൂട് പേരൂർ കാരാഴ്മ ഹാഷിം വില്ല അബ്ദുൽ ഹക്കിം – സജിത ദമ്പതികളുടെ മകനാണു ഹാഷിം. മലപ്പുറം സ്വദേശിനിയായ ഭാര്യ സ്വകാര്യ കോളജ് അധ്യാപികയാണ്. 3 വർഷമായി ഇവർ അകൽച്ചയിലാണെന്നാണ് വിവരം. രണ്ടര വയസ്സുള്ള മകളുമുണ്ട്.