ഉയരപ്പാത നിർമാണം: ഒറ്റത്തൂൺ നിർമാണത്തിനു വേണ്ടി ജപ്പാൻ ശുദ്ധജല പദ്ധതി പൈപ്പ് ലൈൻ മാറ്റുന്നു
Mail This Article
തുറവൂർ ∙ ദേശീയ പാതയ്ക്ക് കുറുകെ ഇട്ടിട്ടുള്ള ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനുകൾ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിക്കുന്നു. അരൂർ ഗ്രാമ പഞ്ചായത്തിനോടു ചേർന്നുള്ള സംഭരണിയിൽ വെള്ളം നിറയ്ക്കുന്നതിനായി മാനവീയം വേദിയിലൂടെ ഇട്ടിട്ടുള്ള പൈപ്പാണ് മാറ്റുന്നത്. ദേശീയപാതയ്ക്ക് കുറുകെ ഭൂമിക്കടിയിലൂടെയാണ് ഈ പൈപ്പ് കടന്നുപോകുന്നത്. പഞ്ചായത്തിന്റെ കിഴക്കൻ ഭാഗത്തേക്കുള്ള വിതരണശൃംഖല പൈപ്പുകളും ഇവിടെയുണ്ടെന്നാണ് സൂചന.
ഉയരപ്പാതയ്ക്കായുള്ള ഒറ്റത്തൂൺ നിർമാണത്തിനു വേണ്ടിയാണ് അടിയന്തരമായി പൈപ്പ് മാറ്റുന്നത്. 354 തൂണുകളിലാണ് ഉയരപ്പാത വരുന്നത്. അരൂർ പഞ്ചായത്തിനു മുൻവശം വരുന്ന തൂൺ നിർമിക്കണമെങ്കിൽ വർഷങ്ങൾക്ക് മുൻപ് ഇട്ട പ്രധാന ജല സംഭരണ - വിതരണ പൈപ്പുകൾ മാറ്റേണ്ടി വരുമെന്ന് സാങ്കേതിക വിദഗ്ധർ പരിശോധനയിൽ കണ്ടെത്തി. ഇത് മാറ്റിയശേഷം മാത്രമാകും മാനവീയം വേദിക്ക് മുന്നിൽ വരുന്ന ഒറ്റത്തൂണിനായുള്ള പൈലിങ് അടക്കമുള്ള ജോലികൾ തുടങ്ങുക.
ജലവിതരണം തടസ്സപ്പെടാതെ പൈപ്പ് മാറ്റുന്നതിനുള്ള പ്രവൃത്തികളാണ് നാലു ദിവസമായി നടക്കുന്നത്. സമാന്തര പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പാതയുടെ പടിഞ്ഞാറ് ഭാഗത്ത് പുരോഗമിക്കുകയാണ്. ഇതു മൂലം ഇവിടെ ഗതാഗതവും മന്ദഗതിയിലാണ്. തൊട്ടുചേർന്ന് അരൂർ അമ്പലം കവലയിലെ സിഗ്നൽ ഉണ്ടെന്നതിനാൽ തിരക്കേറിയ സമയത്ത് ഇവിടെ ഗതാഗത തടസ്സവും നേരിടുന്നുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ സമാന്തര പൈപ്പ് ലൈൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. രാവും പകലും നിർമാണ ജോലികൾ നടക്കുന്നുണ്ട്. സമാന്തര പൈപ്പ് ലൈൻ പൂർത്തീകരിച്ച ശേഷമാകും നിലവിലെ പൈപ്പുകൾ വിഛേദിച്ച് പുതിയതുമായി ബന്ധിപ്പിക്കുക. ഈ സമയം അരൂർ പഞ്ചായത്ത് പ്രദേശത്ത് ജലവിതരണം മുടങ്ങാൻ സാധ്യതയുണ്ട്.