ADVERTISEMENT

തീവെയിലാണ്; പ്രതീക്ഷകളുടെ കതിരുണങ്ങിയ പാടങ്ങളിൽ വെന്തുരുകി നിൽക്കുകയാണു  കർഷകർ. കുട്ടനാടൻ പാടങ്ങളിലെ  തിരഞ്ഞെടുപ്പു വർത്തമാനങ്ങളിലും  കർഷകരോഷം തിളയ്ക്കുന്നു ചമ്പക്കുളം പടച്ചാൽ പാടത്തെ കൊയ്ത്തു കഴിഞ്ഞതേയുള്ളു. നെല്ല് ചാക്കിലാക്കുന്ന തിരക്കിലാണു കർഷകരും തൊഴിലാളികളും. ‘നോക്കൂ,  നല്ല ഒന്നാന്തരം നെല്ലല്ലേ, പക്ഷേ ഈർപ്പത്തിന്റെ പേരിൽ ഒരു ക്വിന്റലിൽ 2 കിലോയാണു കിഴിക്കുന്നത്’’ കയ്യിൽ നെല്ല് കോരിയെടുത്ത് എം.സി.സുധപ്പൻ പറഞ്ഞു. ‘‘ ഈ വെയിലത്ത് എങ്ങനെയാണു നെല്ലിനു നനവുണ്ടാകുക’. പല കാരണം പറഞ്ഞു 5 കിലോഗ്രാം വരെ കിഴിക്കുന്ന ഇടനിലക്കാരുണ്ട്. കഴിഞ്ഞ വർഷം 17 ക്വിന്റൽ  നെല്ലെടുത്തപ്പോ ഒരു ക്വിന്റലാണ് കിഴിച്ചതെന്നു കല്ലൂത്തറ ജോസഫ് ആന്റണി പറയുന്നു. കർഷകന് നഷ്ടം 2800 രൂപ. ‘ഈ രീതിയിലാണെങ്കിൽ 10 വർഷം കൊണ്ട് കൃഷി നിർത്തേണ്ടിവരും’. കൃഷിയില്ലെങ്കിൽ ജീവിതം വെള്ളത്തിലാകുമെന്നു കർഷകത്തൊഴിലാളിയായ അന്നമ്മ ഗ്രിഗറിന്നു. ‘രണ്ടു കൃഷിയും നടത്താനുള്ള സഹായം സർക്കാർ കർഷകർക്കു നൽകണം. രണ്ടാം കൃഷിയില്ലെങ്കിൽ ഞങ്ങളുടെ  വീടുകളിലെല്ലാം വെള്ളം കയറും.

മട കെട്ടി രണ്ടാം കൃഷി ചെയ്താൽ ഈ പ്രശ്നമുണ്ടാകില്ല.’  മട പൊട്ടുന്നതിനുള്ള നഷ്ടപരിഹാരവും നെല്ലിന്റെ സംഭരണ വിലയും  വൈകുന്നതിന്റെ ദുരിതം കർഷകരെ മാത്രമല്ല, കർഷകത്തൊഴിലാളികളെയും ബാധിക്കുന്നുണ്ടെന്നു ബി.മണിയമ്മയും സാലി ബാബുവും ശശികലയും രമണിയുമെല്ലാം ഓർമിപ്പിക്കുന്നു. ‘നെല്ലു കൊടുത്ത് 15 ദിവസത്തിനുള്ളില്ലെങ്കിലും പണം കിട്ടണം. നവംബറിൽ  സംഭരിച്ച  നെല്ലിന്റെ പണം ഇതുവരെ കിട്ടിയിട്ടില്ല’–കർഷകനായ തോമസ് ജോസഫ് മഠത്തിക്കളം പറയുന്നു. ‘എല്ലാ വർഷവും മട വീഴുന്ന പാടങ്ങളുണ്ട്. അതുകൊണ്ട് രണ്ടാം കൃഷി ചെയ്യാൻ പറ്റുന്നില്ല. പുറംബണ്ട് കല്ലുകെട്ടി ട്രാക്ടർ റോഡാക്കി മാറ്റണം. രണ്ടാം കൃഷി നടത്തിയില്ലെങ്കിൽ ആ പ്രദേശത്തെ വീടുകളാകെ വെള്ളത്തിലാകും’ആറു മാസം വെള്ളത്തിലും ആറു മാസം കരയിലുമാണു ജീവിതം. മുറ്റത്തു പോലും ഇറങ്ങാൻ പറ്റുന്നില്ലെന്നു നിർമല കരുണാകരനും പ്രഭാ സുരേഷും ജയശ്രീയും സതികുമാരിയും കൂട്ടിച്ചേർക്കുന്നു‘വോട്ടു ചോദിച്ചു വരുന്നവരോടു ഞങ്ങളിതെല്ലാം പറയും. എല്ലാം ശരിയാക്കാമെന്നു കേട്ടു തുടങ്ങിയിട്ടു കാലം കുറേയായി’ റോഡരികിൽ നിരത്തിയ ചാക്കുകളിൽ നെല്ലിനൊപ്പം സങ്കടങ്ങളും നിറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com