വിഷുക്കൈനീട്ടവുമായി ബന്ധപ്പെട്ട് മറക്കാനാകാത്ത ഓർമകൾ പങ്കുവച്ച് സ്ഥാനാർഥികൾ
Mail This Article
ആലപ്പുഴ ∙ കേരളം വിഷുക്കണി കണ്ട് ഉണർന്നു. ഈ സുദിനത്തിലെ ഓർമകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ചു വിഷുക്കൈനീട്ടം. തിരഞ്ഞെടുപ്പിന്റെ തിരക്കിനിടെയിലും വിഷുക്കൈനീട്ടവുമായി ബന്ധപ്പെട്ട മറക്കാനാകാത്ത ഓർമകൾ പങ്കുവയ്ക്കുകയാണ് ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാർഥികൾ. ഒപ്പം വിഷു ദിനത്തിൽ മണ്ഡലത്തിലെ ജനങ്ങൾക്കുള്ള വിഷുക്കൈനീട്ടവും സ്ഥാനാർഥികൾ നൽകുന്നു.
കെ.സി.വേണുഗോപാൽ യുഡിഎഫ്
∙കുട്ടിക്കാലത്ത് അമ്മ തരാറുള്ള വിഷുക്കൈനീട്ടമാണ് ഓർമയിലെന്നും തെളിഞ്ഞു നിൽക്കുന്നത്. അമ്മ വിഷുവിന് രാവിലെ 4 മണിക്ക് എഴുന്നേൽപിക്കും; കണി കാണാൻ. ഇന്ന് അമ്മയില്ല. കോവിഡ് കാലത്തായിരുന്നു മരണം.തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും വിഷു ദിവസം കണ്ണൂരിലെ വീട്ടിൽ അമ്മയുടെ അടുത്ത് എത്താറുണ്ടായിരുന്നു. അമ്മ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പു കാലത്തെ വിഷുവും
∙ആലപ്പുഴക്കാരുടെ സുഖദു:ഖങ്ങളിലും വികസന സ്വപ്നങ്ങളിലും ഒപ്പമുണ്ടാകുമെന്ന ഉറപ്പും അതിനായി സമർപ്പിതമായ പാർലമെന്ററി ജീവിതവുമാണ് എന്റെ കൈനീട്ടം
എ.എം.ആരിഫ്,എൽഡിഎഫ്
∙ ചെറുപ്പത്തിൽ പൊലീസ് ക്വാർട്ടേഴ്സിൽ ആയിരുന്നു താമസം. അക്കാലത്ത് മറ്റു വീടുകളിലെ പൊലീസുകാരും അവരുടെ കുടുംബാംഗങ്ങളും കൈനീട്ടം തരുമായിരുന്നു. വിഷുവിനു രാവിലെ അവരുടെ വീടുകളിൽ ആദ്യം എത്തണമെന്ന് എന്നോട് പറയുമായിരുന്നു. ഞാൻ കയറുന്നത് എന്തോ ഐശ്വര്യമാണെന്നാണു പറഞ്ഞിരുന്നത്. ആരെങ്കിലും വിളിക്കാതിരുന്നാൽ അവരെന്താ വിളിക്കാഞ്ഞേ എന്നാകും ആലോചന
∙ അടുത്ത 5 വർഷത്തിനുള്ളിൽ ആലപ്പുഴ നഗരത്തെ കിഴക്കിന്റെ വെനീസ് ആക്കും. കടൽപാലം, മൊബിലിറ്റി ഹബ് തുടങ്ങിയവ നഗരത്തിന്റെ മുഖഛായ മാറ്റും.
ശോഭ സുരേന്ദ്രൻഎൻഡിഎ
∙ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ വളർന്നതിനാൽ ചെറുപ്പത്തിൽ വിഷുക്കൈനീട്ടം പതിവുണ്ടായിരുന്നില്ല. മക്കൾക്കു വയറു നിറയെ ഭക്ഷണം നൽകുന്നതിനാണ് അച്ഛൻ പ്രാധാന്യം നൽകിയത്. അതുകൊണ്ടു തന്നെ വിഷുക്കട്ടയാണു വിഷുവുമായി ബന്ധപ്പെട്ട ഓർമ. ഇപ്പോൾ കലിഫോർണിയയിൽ ജോലി ചെയ്യുന്ന മൂത്ത മകൻ ഹരിലാൽ കൃഷ്ണ 3 വർഷം മുൻപു വിഷുവിനു നൽകിയ 3 ജർമൻ കറൻസികളാണ് എറ്റവും പ്രിയപ്പെട്ട വിഷുക്കൈനീട്ടം
∙ വിജയിച്ചാൽ 3 വർഷത്തിനുള്ളിൽ വീടില്ലാത്ത എല്ലാവർക്കും വീട് എന്നതാണ് ഈ വിഷുവിനു നൽകാനുള്ള കൈനീട്ടം.
കൊടിക്കുന്നിൽ സുരേഷ്യുഡിഎഫ്
∙ അമ്മയിൽ നിന്നു ലഭിക്കുന്ന കൈനീട്ടമാണ് ഏറ്റവും വിലപ്പെട്ടത്. അമ്മ പി.തങ്കമ്മ തരുന്ന നാണയത്തുട്ടിനോളം വലിയ കൈനീട്ടം വേറെ കിട്ടിയിട്ടില്ല. വിഷുക്കാലത്തു വീട്ടിലെത്തണമെന്ന നിർബന്ധമൊന്നുമില്ല. വിഷുക്കാലത്തു വീട്ടിലുണ്ടെങ്കിൽ രാവിലെ തന്നെ അമ്മയുടെ കൈനീട്ടമെത്തും. അമ്മ 2013ൽ മരണപ്പെട്ടു.
∙ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എല്ലാ ഭാഗത്തും ശുദ്ധജലം ഉറപ്പാക്കും. ശുദ്ധജലത്തെക്കാൾ വലിയൊരു കൈനീട്ടം നൽകാനില്ല.
സി.എ.അരുൺകുമാർഎൽഡിഎഫ്
∙ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണു വിഷുവിനു രാവിലെ കൈനീട്ടമായി സൈക്കിൾ അച്ഛൻ കെ.അയ്യപ്പൻ സമ്മാനിക്കുന്നത്. കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അന്ന്. സ്കൂളിലേക്കു പോകാൻ ദൂരമുള്ളതിനാൽ ഒരു സൈക്കിൾ എന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. വിഷുവിനു രാവിലെ സൈക്കിൾ കയ്യിലേക്കു കിട്ടിയപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ ആകാത്തതാണ്.
∙ എന്റെ 5 വർഷത്തെ സമയവും ജീവിതവുമാണു മണ്ഡലത്തിലെ ജനങ്ങൾക്കു സമ്മാനിക്കാനുള്ളത്. മണ്ഡലത്തിലെ ഏതൊരാൾക്കും ഏതൊരു ആവശ്യത്തിനും ഏതു സമയത്തും ഞാൻ ഒപ്പമുണ്ടാകും.
ബൈജു കലാശാലഎൻഡിഎ
∙ സ്കൂളിൽ പഠിക്കുമ്പോൾ സൈക്കിൾ എന്നതു വലിയ ആഗ്രഹമായിരുന്നു. 50 പൈസയൊക്കെ വാടക നൽകിയാണ് ഒരു മണിക്കൂറത്തേക്കു സൈക്കിൾ എടുത്തിരുന്നത്. അപ്പോഴാണ് അഞ്ചാം ക്ലാസിൽ പഠിക്കവേ വിഷുവിനു രാവിലെ സൈക്കിളുമായി അച്ഛൻ രാജൻ കലാശാല വീട്ടിലേക്കു വരുന്നത്. ഞെട്ടിപ്പോയ ഒരു വിഷുക്കൈനീട്ടമായിരുന്നു അത്.
∙ കുട്ടനാട്ടിലെ ടൂറിസം വികസിപ്പിക്കുമെന്നതാണു ജനങ്ങൾക്കുള്ള കൈനീട്ടം. ചങ്ങനാശേരി മുതൽ ആലപ്പുഴ വരെയുള്ള ജലപാത നവീകരിച്ചു വിനോദ സഞ്ചാരം വളർത്തും.