വിഷു വിപണി: നഗരം ആഘോഷത്തിരക്കിൽ
Mail This Article
ആലപ്പുഴ ∙ ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ വിഷു കൂടി എത്തിയതോടെ നഗരം ആഘോഷത്തിരക്കിൽ. വിഷു ആഘോഷങ്ങൾക്കുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു ഇന്നലെ വിപണി. ആഘോഷങ്ങൾ ഒന്നിച്ചെത്തിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പച്ചക്കറികൾക്കുൾപ്പെടെ വിലയും വർധിച്ചിട്ടുണ്ട്.
വിഷുക്കണിയുടെ പ്രധാന ആകർഷണമായ കണിവെള്ളരിക്ക് കിലോഗ്രാമിന് 40 രൂപയായിരുന്നു ചില്ലറ വിൽപന. മത്തന് കിലോ 70 രൂപയ്ക്കും പടവലം 40 രൂപയ്ക്കും മാങ്ങ 60 രൂപയ്ക്കും കദളിപ്പഴം 140 രൂപയ്ക്കും പൈനാപ്പിൾ 70 രൂപയ്ക്കുമായിരുന്നു വിൽപന നടന്നത്. മുല്ലയ്ക്കൽ തെരുവിലും പരിസര പ്രദേശങ്ങളിലും കൊന്നപ്പൂവിനൊപ്പം പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്കും ആവശ്യക്കാർ ഏറെയായിരുന്നു.
നാടു നീളെ കൊന്ന നന്നായി പൂത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴയിൽ പൂക്കൾ കുറെ കൊഴിഞ്ഞു വീണിരുന്നു. കണി കാണാനുള്ള കൃഷ്ണ വിഗ്രഹങ്ങളുടെയും വിൽപന തകൃതിയായി നടന്നു. 300 രൂപ മുതൽ 3000 രൂപ വരെയായിരുന്നു പല വലുപ്പത്തിലുള്ള കൃഷ്ണ വിഗ്രഹങ്ങളുടെ വില. ദേശീയ പാതയോരത്തും മറ്റും കൃഷ്ണ വിഗ്രഹങ്ങളുമായി ഇതര സംസ്ഥാനക്കാർ ആഴ്ചകൾക്കു മുൻപേ എത്തിയിരുന്നു.
തുണിക്കടകളിൽ കൊന്നപ്പൂക്കളുടെ പ്രിന്റ് വരുന്ന വസ്ത്രങ്ങൾക്കും വൻ ഡിമാൻഡ് ആയിരുന്നു. വിഷുക്കണിത്താലങ്ങളെ സമ്പന്നമാക്കുന്ന ചെറിയ ചക്ക, വെറ്റില, പാക്ക്, നാളികേരം എന്നിവയും നല്ല രീതിയിൽ വിറ്റഴിഞ്ഞു. പതിവ് പോലെ പച്ചക്കറികൾ കൂടുതലും ഇത്തവണയും തമിഴ്നാട്ടിൽ നിന്നാണ് വിപണികളിലെത്തിയത്. പടക്ക വിപണിയിൽ പതിവുപോലെ ചൈനീസ് പടക്കങ്ങളാണ് കൂടുതലും വിറ്റഴിഞ്ഞത്.