ADVERTISEMENT

വിഷുത്തലേന്ന് കുഴിക്കാട്ട് പവിത്രൻ നൽകിയ കൈനീട്ടം പൊലിച്ചു. മാരാരിക്കുളം മേഖലയിൽ സ്വീകരണ പര്യടനത്തിനെത്തിയ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിനു പിന്നെയെല്ലാം നല്ലതായി ഭവിച്ചു. നാട്ടുകാർ നൽകിയതെല്ലാം വിഷു‘ഫലങ്ങൾ.’

എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന് 
വളവനാട്ട് നൽകിയ സ്വീകരണം..
എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന് വളവനാട്ട് നൽകിയ സ്വീകരണം..

∙ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മുണ്ടുചിറയിലായിരുന്നു ആദ്യ സ്വീകരണം. പ്രദേശത്തെ മുതിർന്ന പാർട്ടി പ്രവർത്തകൻ പവിത്രനിൽനിന്നു കൈനീട്ടം വാങ്ങി പ്രസംഗിച്ചിറങ്ങിയ സ്ഥാനാർഥിക്കു മുന്നിൽ പിന്നെയും കൈനീട്ടങ്ങളുമായി ആളുകൾ തിരക്കു കൂട്ടി. കൊന്നപ്പൂ, പഴങ്ങൾ, ഏത്തക്കുല, പച്ചക്കറികൾ, ... ചക്കയും ചീരയും വരെ കൂട്ടത്തിലുണ്ട്. രക്തഹാരങ്ങളും ഷാളുകളുമുണ്ടെങ്കിലും അവ വിളകളോടു തോറ്റു.

എ.എം.ആരിഫിന് മുണ്ടുചിറയിൽ പ്രവർത്തകർ നൽകിയ സ്വീകരണം.       ചിത്രം: മനോരമ.
എ.എം.ആരിഫിന് മുണ്ടുചിറയിൽ പ്രവർത്തകർ നൽകിയ സ്വീകരണം. ചിത്രം: മനോരമ.

ഇത്രയും പഴങ്ങളും പച്ചക്കറികളും സ്ഥാനാർഥി എങ്ങനെ കൊണ്ടുപോകുമെന്ന സംശയത്തിനു മറുപടിയെന്നോണം പി.പി.ചിത്തരഞ്ജൻ എംഎൽഎ മൈക്കെടുത്തു: പഴങ്ങളും പച്ചക്കറികളുമെല്ലാം പ്രദേശത്തെ അഗതിമന്ദിരങ്ങൾക്കുള്ളതാണ്.സ്ഥാനാർഥിക്കു കിട്ടിയ ടവലുകളിൽ ഒരെണ്ണം എംഎൽഎ എടുത്തു. രാവിലെ തന്നെ മത്സരിക്കാനെത്തിയ ചൂടിനെ നേരിടണം. പര്യടനം ഉദ്ഘാടനം ചെയ്ത എംഎൽഎ തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെ അനുഗമിക്കുന്നുണ്ട്. എട്ടു മണിക്കു നിശ്ചയിച്ച യോഗത്തിലേക്ക് 9.15ന് ആണു സ്ഥാനാർഥി എത്തിയത്.

സ്ഥാനാർഥി പര്യടനം മുണ്ടുചിറയിൽ എത്തിയപ്പോൾ എ.എം.ആരിഫിന് സ്നേഹചുംബനം നൽകുന്ന പവിത്രൻ കുഴിക്കാട്.
സ്ഥാനാർഥി പര്യടനം മുണ്ടുചിറയിൽ എത്തിയപ്പോൾ എ.എം.ആരിഫിന് സ്നേഹചുംബനം നൽകുന്ന പവിത്രൻ കുഴിക്കാട്.

വൈകി വന്നതിനാൽ നീണ്ട പ്രസംഗം ഒഴിവാക്കുന്നു എന്ന മുഖവുരയോടെ സ്ഥാനാർഥി പ്രധാന കാര്യങ്ങൾ ചുരുക്കി പറയുന്നു: ‘യുഡിഎഫിന്റെ കയ്യിലായിരുന്ന മണ്ഡലത്തെ എൽഡിഎഫിന്റെ ഹൃദയപക്ഷത്തോടു ചേർത്തു നിർത്തിയവർക്കെല്ലാം അഭിവാദനങ്ങൾ. പാർലമെന്റിൽ കേരളത്തിനു വേണ്ടി വാദിക്കാനും ചോദിക്കാനും ഒരവസരം കൂടി തരണം.‘നിങ്ങളൊരു സോപ്പോ ചീപ്പോ വാങ്ങുമ്പോൾ പോലും കേന്ദ്ര സർക്കാരിനു നികുതി കൊടുക്കുന്നുണ്ട്. അതിന്റെ പകുതി സംസ്ഥാനത്തിനുള്ളതാണ്. പക്ഷേ, തരുന്നില്ല. അതു പാർലമെന്റിൽ ചോദിച്ചപ്പോൾ ഞാൻ ഒറ്റയ്ക്കായിപ്പോയി. ഒപ്പം നിന്നു കേരളത്തിനായി സംസാരിക്കേണ്ട മറ്റ് എംപിമാർ അതു ചെയ്തില്ല. കേരളത്തിന്റെ വിഹിതം കിട്ടാതെ പെൻഷൻ മുടങ്ങുന്നെങ്കിൽ മുടങ്ങട്ടെ എന്നാവും അവരുടെ മനസ്സിൽ.

‘തീരദേശ പാത ഇരട്ടിപ്പിക്കൽ, ആലപ്പുഴ ബൈപാസ് പൂർത്തീകരണം, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ഞാൻ ചെയ്ത കാര്യങ്ങൾ ലഘുലേഖയായി നിങ്ങളുടെ കയ്യിലുണ്ട്. ഒരു കാര്യം പ്രത്യേകം ഓർക്കണം. വർഗീയതയ്ക്കു വോട്ട് ചെയ്യരുത്. ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്. വർഗീയ ശക്തികൾക്കു വോട്ട് ചെയ്താൽ കുടുംബശ്രീയിലും അയൽക്കൂട്ടത്തിലും അടിയാകും, അലമ്പാകും.

‘നിങ്ങൾ എനിക്കു വോട്ട് ചെയ്യുമെന്നറിയാം. അതുകൊണ്ടായില്ല. ഭൂരിപക്ഷം കൂട്ടണം. അതിനു നിങ്ങളുടെ കയ്യിലുള്ള ഫോണെടുത്തു ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്, നമ്മുടെ ആരിഫിനൊരു വോട്ട് ചെയ്യണമെന്നു പറയണം, ചെയ്യിക്കണം.’സ്ഥാനാർഥിയുടെ വരവറിയിച്ചു പോകുന്ന വാഹനത്തിനു പിന്നാലെ മൂടിയില്ലാത്ത ചുവപ്പൻ ജീപ്പിൽ സ്ഥാനാർഥി നീങ്ങുന്നു. വഴിയോരങ്ങളിലെ ചിരികൾക്കു നേരെ കൈവീശുന്നു. അകമ്പടിയായി വനിതകളുടെ ചെണ്ടമേളം.

അമ്മു ജംക്‌ഷനിൽ സ്ത്രീകൾ സ്ഥാനാർഥിയെ പൂവിട്ടു സ്വീകരിച്ചു. തേനാംപറമ്പിൽ പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും വരവേൽപ്. എല്ലായിടത്തും ആദ്യം സ്ഥാനാർഥിയുടെ പ്രസംഗമാണ്. നൽകാനിരിക്കുന്ന സ്വീകരണത്തിനു മുൻകൂർ നന്ദി പറയുന്നു.

∙ പൊള്ളേത്തൈ ശാസ്ത്രിമുക്കിൽ സ്ഥാനാർഥിയുടെ പ്രസംഗത്തിൽ ഒരു വിഷയം കൂടി വന്നു. തീരദേശമാണ്. കടൽഭിത്തി വിഷയം പറയാതെ പറ്റില്ല.2010നു ശേഷം തീരസംരക്ഷണത്തിനു കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ലെന്നു വിമർശനം. ചെയ്തെങ്കിൽ തെളിയിക്കാൻ വെല്ലുവിളി. കടൽഭിത്തി കഴിഞ്ഞു നേരെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ അടിച്ചു കയറി. ‘രാജ്യസഭയിൽ രണ്ടര വർഷം ബാക്കിയുള്ള കെ.സി.വേണുഗോപാൽ ഇവിടെ ജയിച്ചാൽ അതു ബിജെപിക്കാണു ഗുണമാകുക. രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമാണു രാജഗോപാൽ. അവിടെയിപ്പോൾ ബിജെപി ഭരണമാണ്. ആ രാജ്യസഭാ സീറ്റ് അവർക്കു കിട്ടും. രാജ്യസഭയിൽ ബിജെപിക്കു ഭൂരിപക്ഷമാകും.’

∙ വളവനാട് ക്ഷേത്രത്തിനു സമീപത്തെ സ്വീകരണ സ്ഥലത്തെത്തുമ്പോൾ ഓർക്കാപ്പുറത്ത് പോപ്പർ ബ്ലാസ്റ്ററിന്റെ പീരങ്കിക്കുഴൽ ചുവപ്പും വെള്ളയും കടലാസു തുണ്ടുകൾ ചീറ്റി. സ്ഥാനാർഥി വർണപ്പൊട്ടുകളിൽ മുങ്ങി വേദിയിലേക്ക്. വളവനാട് ജംക്‌ഷനിലും വർണക്കടലാസു തുണ്ടുകൾ ഉടലാകെ പാറിവീണു. സദസ്സ് ചുവപ്പു ബലൂൺ കുലകൾ ഉയർത്തിപ്പിടിച്ചു. ബലൂണുകൾ കമാനം പോലെ കോർത്തു വളച്ചു മാലയാക്കി സ്ഥാനാർഥിയെ ഉള്ളിലാക്കി.

തറമൂട് ജംക്‌ഷനിലേക്കു സ്വീകരിക്കാൻ കടിയംപള്ളിയിൽനിന്ന് ഓട്ടോറിക്ഷകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടി. കാവുങ്കൽ ജംക്‌ഷനിലും തറമൂട്ടിലും വീണ്ടും പോപ്പറിൽനിന്നു വർണമഴ.തറമൂട്ടിലെ സ്വീകരണം കഴിഞ്ഞു മടങ്ങുമ്പോൾ ചെറുപ്പക്കാരുടെ സെൽഫിത്തിരക്ക്. കൊന്നപ്പൂക്കുല സമ്മാനം.

∙ ആലപ്പുഴ നെഹ്റു ട്രോഫി വാർഡിലേക്കാണ് ഇനി യാത്ര. ബോട്ടിൽ കയറി കായലിനക്കരേയ്ക്ക്. ഇരു കരയിലേക്കും ചിരിയും കൈവീശലും. ഉച്ചവരെ അവിടെയാണു സ്വീകരണം.ചൂട് ശമിക്കുന്നതിനു മുൻപ് ഓമനപ്പുഴ പടിഞ്ഞാറുനിന്നു വൈകിട്ടത്തെ പര്യടനത്തിനു തുടക്കം. വടക്കൻ‍ മേഖല വീണ്ടും ചുറ്റി രാത്രി കൊമ്മാടിയിൽ സമാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com