ADVERTISEMENT

കാര്യങ്ങൾ കലണ്ടർ പ്രകാരമായി വരുന്നുണ്ട്. എന്നാലും കുറേക്കൂടി കണിശമാകണം. കുട്ടനാട്ടിൽ വിതയും കൊയ്ത്തും സമയത്തു തുടങ്ങി തീർക്കാൻ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞർ നിർദേശിക്കുന്നതാണു കാർഷിക കലണ്ടർ. സർക്കാരും ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും എവിടെയെങ്കിലുമൊക്കെ തീയതികൾ കയറിയിറങ്ങിയും ചിട്ടകൾ ഏറിയും കുറഞ്ഞും തുടരുകയാണ്.

ഏപ്രിൽ ആദ്യം തണ്ണീർമുക്കം ബണ്ട് തുറന്ന് കുട്ടനാടൻ മേഖലയിലേക്ക് ഉപ്പുവെള്ളം എത്തുന്നതോടെയാണു കലണ്ടറിൽ പുതിയ താൾ തുറക്കുന്നത്. ഡിസംബറിൽ ബണ്ട് അടയ്ക്കുമ്പോൾ അതനുസരിച്ചു വേണം കുട്ടനാടിന്റെ വടക്ക്, തെക്ക് മേഖലകളിൽ വിതയും കൊയ്ത്തും നടക്കാൻ.

ബണ്ട് തുറക്കൽ
ഇത്തവണ ബണ്ട് തുറക്കാൻ ഏതാനും ദിവസം വൈകി. കഴിഞ്ഞ തവണ ഏപ്രിൽ 9നു തന്നെ തുറന്നു. ഇത്തവണ 12നും. ബണ്ട് തുറന്നാൽ ഉപ്പുവെള്ളം ആദ്യമെത്തുക വടക്കൻ കുട്ടനാട് മേഖലയിലാണ്. അത് ഏറെയും കോട്ടയം ജില്ലയിലുള്ള പാടങ്ങളാണ്. അവിടെ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ട്. ഇത്തവണ ബണ്ട് തുറക്കുന്നതിനു മുൻപു കൊയ്ത്ത് പൂർത്തിയായി. 

തണ്ണീർമുക്കം ബണ്ട്
തണ്ണീർമുക്കം ബണ്ട്

ഈ ചിട്ട സാധ്യമായത് കർഷകർ തന്നെ മുൻകയ്യെടുത്താണ് . പല തവണ യോഗം ചേർന്നു കാര്യങ്ങളെല്ലാം ഉറപ്പാക്കി. എന്നാൽ‍, തെക്കൻ കുട്ടനാട്ടിൽ കൊയ്ത്തു കഴിഞ്ഞിട്ടില്ല. തണ്ണീർമുക്കം വഴി ഉപ്പുവെള്ളം അവിടങ്ങളിൽ എത്താൻ സമയമെടുക്കുമെന്നും അതിനു മുൻപു കൊയ്തു തീർക്കാമെന്നുമാണു കർഷകരുടെ പ്രതീക്ഷ.

കലണ്ടർ അനുസരിച്ച്, അച്ചടക്കത്തോടെയുള്ള കൃഷിരീതി ആലപ്പുഴ ജില്ലയിലെ ഭാഗങ്ങളിൽ ഇനിയും നടപ്പാകാനുണ്ടെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനു കൃഷി ഉദ്യോഗസ്ഥരും കർഷകരും ഒന്നിച്ചു നിൽക്കണം. വടക്കുണ്ടായ തിരിച്ചറിവുകൾ തെക്കോട്ടും പകരണം.കൃഷിരീതി കൃത്യമാക്കിയാൽ ബണ്ട് അടച്ചിടുന്ന സമയം കുറയ്ക്കാമെന്നും വിദഗ്ധർ പറയുന്നു. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ബണ്ട് അടയ്ക്കാവൂ. അതിന് ഉപ്പുവെള്ളത്തിന്റെ തോത് അളക്കണം.

ചന്ദ്രൻ നിശ്ചയിക്കുന്ന കലണ്ടർ
ചാന്ദ്രമാസ കണക്കിലാണു പ്രകൃതി നിശ്ചയിച്ച കാർഷിക കലണ്ടർ. വേലിയേറ്റവും ഇറക്കവും അനുസരിച്ചാണു വിതയും കൊയ്ത്തുമൊക്കെ നടക്കേണ്ടത്. സർക്കാർ കാർഷിക കലണ്ടർ തയാറാക്കുന്നതും ഇതു കണക്കിലെടുത്താണ്. എന്നാൽ, പല കാരണങ്ങൾകൊണ്ടും ഇതു കർശനമായി പാലിക്കപ്പെടുന്നില്ല.

വിത്തിലെ മൂപ്പിളമ
കോട്ടയം, ആലപ്പുഴ ജില്ലകളിൽ പലയിടത്തും മൂപ്പു കുറഞ്ഞ വിത്തിനങ്ങൾ കൂടുതലായി ഉപയോഗിച്ചു തുടങ്ങി എന്നതു നല്ല മാറ്റമാണ്. ഉമ, മണിരത്ന എന്നിവയാണു കൂടുതൽ ഉപയോഗിക്കുന്നത്. ഉമയ്ക്കു 120 ദിവസം വരെയും മണിരത്നയ്ക്കു 100 ദിവസവുമാണു മൂപ്പ്. കാലാവസ്ഥയുടെ വെല്ലുവിളി ബാധിക്കാതെ നേരത്തെ കൊയ്തെടുക്കാം എന്നതാണ് ഇത്തരം വിത്തുകളുടെ മേന്മ.

ഏകോപനമില്ല, നടപ്പിലായതുമില്ല
∙ വിദഗ്ധർ തയാറാക്കിയ കാർഷിക കലണ്ടർ 2020ൽ സർക്കാർ അംഗീകരിച്ചെങ്കിലും ഇതുവരെ പൂർണമായി നടപ്പാക്കാൻ കഴിഞ്ഞില്ല. പ്രവർത്തനങ്ങളിൽ ഏകോപനമില്ലാത്തതാണു പ്രധാന കാരണം. കൃഷി, റവന്യു, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളും വൈദ്യുതി ബോർഡ്, വിത്ത് അതോറിറ്റി തുടങ്ങിയവയും ഒന്നിച്ചു നിന്നാലേ നടപ്പാകൂ.

കലണ്ടർ പറയുന്നത്
∙ തുലാം 10നു പുഞ്ചക്കൃഷി വിതച്ച് മാ‍ർച്ച് അവസാനത്തോടെ കൊയ്യണം. കൊയ്ത്തിനും സമയം നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് തീയതിയിൽ 15 ദിവസം മുന്നോട്ടും പിന്നോട്ടും ഇളവുമുണ്ട്.

∙ വൈകി വിതയ്ക്കുന്നവർക്കു മൂപ്പു കുറഞ്ഞ വിത്ത് നൽകണം. അത്തരം വിത്തുകൾ നേരത്തെ സജ്ജമാക്കണം.

∙ ഒന്നാം വിളയുടെ (രണ്ടാം കൃഷി) വിത മേയ് അവസാനവാരം മുതൽ ജൂലൈ ആദ്യവാരം വരെ. വിളവെടുപ്പ് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ.

∙ രണ്ടാം വിളയുടെ (പുഞ്ചക്കൃഷി) വിത ഒക്ടോബർ ആദ്യവാരം മുതൽ നവംബർ അവസാന വാരം വരെ. വിളവെടുപ്പ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ.

കുട്ടനാട് കൗൺസിൽ; ഇതുവരെ യോഗം ചേർന്നില്ല
ഒരു വർഷം മുൻപു രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കാർഷിക കലണ്ടർ നടപ്പാക്കലാണ്. പക്ഷേ, ഇതുവരെ കൗൺസിലിന്റെ യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിനു ശേഷമേ യോഗം ഉണ്ടാകൂ എന്നു മന്ത്രി പി.പ്രസാദ് അറിയിച്ചു. അധ്യക്ഷനായ മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി വേണം സമയം നിശ്ചയിക്കാൻ.

മാറ്റം അനിവാര്യം: മന്ത്രി
കാലാവസ്ഥയിൽ ഇത്തവണ വലിയ മാറ്റം വന്നിരിക്കുന്നെന്നും അതനുസരിച്ചു കൃഷിരീതികളിലും കാർഷിക കലണ്ടറിലും കാലാകാലങ്ങളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇത്തവണ കൃഷികാര്യങ്ങളിൽ സർക്കാർ തുടക്കം മുതൽ ഇടപെട്ടിരുന്നു. തണ്ണീർമുക്കം ബണ്ട് കൃത്യസമയത്തു തുറന്നു. അതിനു മുൻപു കൊയ്ത്ത് മിക്കവാറും പൂർത്തിയായി. കർ‍ഷകരുടെ സഹകരണം കൊണ്ടാണതു സാധിച്ചത്. കാലാവസ്ഥയുടെ പ്രശ്നങ്ങൾ കാര്യമായി ബാധിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com