ADVERTISEMENT

ആലപ്പുഴ ∙ വയലാർ രക്തസാക്ഷി സ്മാരകത്തിനരികിലൂടെ കടന്നുപോയപ്പോൾ സീതക്ക ഓർത്തത് സായുധ കലാപത്തിനിടെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട സഹോദരനെയും ഭർത്താവിനെയുമാണ്. കോൺഗ്രസ് നേതാവ് വയലാർ രവിയുടെ വീട്ടിലെത്തിയപ്പോൾ ആദ്യം പോയത് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും ഭാര്യ മേഴ്സി രവിയുടെയും സ്മൃതികുടീരങ്ങൾക്കരികിലേക്ക്. രണ്ട് ഓർമകൾക്കും മുന്നിൽ കൈകൂപ്പിയാണു തെലങ്കാനയിലെ മന്ത്രി ഡി.അനസൂയ എന്ന സീതക്ക തുടങ്ങിയത്. ‘‘എല്ലാവരുടെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്നാണ്. എന്നാൽ വയലാർ രവിയുടെ വിജയത്തിനു പിന്നിൽ രണ്ടു സ്ത്രീകളുണ്ട്: അമ്മ ദേവകി കൃഷ്ണനും ഭാര്യ മേഴ്സി രവിയും’’. 

കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വയലാർ രവിയുടെ വീട്ടുമുറ്റത്തു കോൺഗ്രസ് സംഘടിപ്പിച്ച കുടുംബ സംഗമമായിരുന്നു വേദി. ആയുധം താഴെവച്ചു ജനാധിപത്യത്തെ വരിച്ച പഴയ നക്സൽ നേതാവിനെ കാണാനും കേൾക്കാനും ആൾക്കൂട്ടം കാത്തുനിന്നു; സ്ത്രീകളാണേറെയും. കോൺഗ്രസ് ജയിക്കേണ്ടതിന്റെ അനിവാര്യത ഓർമിപ്പിച്ചു ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം. അത് അവസാനിപ്പിക്കും മുൻപ് തെലങ്കാനയെക്കുറിച്ച് രണ്ടു വാക്കു പറയാൻ, പ്രസംഗം പരിഭാഷ ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി റീഗോ രാജു അഭ്യർഥിച്ചു.

‘‘തെലങ്കാനയിൽ കോൺഗ്രസ് 6 ഗാരന്റികൾ മുന്നോട്ടുവച്ചു 10 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, വീടു നിർമിക്കാൻ 5 ലക്ഷം, സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര എന്നിവ നടപ്പാക്കി. 2000 രൂപ ക്ഷേമ പെൻഷൻ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം 4000 രൂപയാക്കും. കർണാടകയിലും കോൺഗ്രസ് ഗാരന്റികൾ നടപ്പാക്കി. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 5 ഗാരന്റികൾ മുന്നോട്ടുവയ്ക്കുന്നു. സ്വന്തമായി പ്രകടനപത്രിക പോലുമില്ലാതിരുന്ന നരേന്ദ്ര മോദി ഇതു കണ്ടു വിറച്ചാണ് സങ്കൽപ് പത്ര് പുറത്തിറക്കിയത്’’–മന്ത്രി സീതക്ക പറഞ്ഞു. 

ഉദ്ഘാടന പ്രസംഗം കഴിഞ്ഞു സീതക്ക റോഡിലേക്ക്. വഴിയിൽ കണ്ടവരോടെല്ലാം മലയാളത്തിൽ വോട്ടു ചോദ്യം. ‘‘കൈപ്പത്തിക്കു വോട്ടു ചെയ്യണം’’ . മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, ജില്ലാ പ്രസിഡന്റ് ബബിത ജയൻ, കെപിസിസി സെക്രട്ടറി എസ്.ശരത്, അനിൽ ബോസ്, കെ.ആർ.രാജേന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കൾക്കൊപ്പം സമീപത്തെ വീടുകളിലെത്തി വോട്ട് അഭ്യർഥന. എല്ലായിടത്തും അവർ ആവർത്തിച്ചു: രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയമാണ് ഈ ഇലക്‌ഷനിൽ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. ആലപ്പുഴ മണ്ഡലത്തിൽ മഹിളാ കോൺഗ്രസ് നടത്തുന്ന  ‘വോട്ടുതേടി വീട്ടമ്മമാർ വീട്ടുമുറ്റത്തേക്ക്’ ക്യാംപെയ്നിനും  സീതക്ക തുടക്കം കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com