കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്: സുഭാഷിണി അലി
Mail This Article
ചെങ്ങന്നൂർ ∙ പൗരത്വ ഭേദഗതിനിയമം അടക്കമുള്ള ബിജെപിയുടെ ഫാഷിസ്റ്റ് നയങ്ങൾക്ക് മുന്നിൽ കോൺഗ്രസ് പ്രകടനപത്രിക നിശ്ശബ്ദമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി . മാവേലിക്കര ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചെങ്ങന്നൂരിൽ നടത്തിയ വനിതാ പാർലർമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.പൗരത്വ ഭേദഗതിനിയമം കോൺഗ്രസിന് പ്രധാന വിഷയമല്ല. ഇടതുപക്ഷം ബിജെപിയുടെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ നിരന്തരം പോരാടുമ്പോൾ കോൺഗ്രസ് ബിജെപിയുമായി ഏറ്റുമുട്ടാൻ തയാറല്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് പാർലമെന്റിലെത്തിയ കോൺഗ്രസ് എംപിമാർ പായസം കുടിച്ചും ബിരിയാണി കഴിച്ചും വിശ്രമിക്കുകയായിരുന്നു. കേരളത്തിന് വേണ്ടി സംസാരിക്കാൻ എ.എം. ആരിഫ് എംപി മാത്രമേ ഉണ്ടായിരുന്നുള്ളു. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക് ഓടുകയാണ്. ഈ പട്ടികയിലേക്ക് കേരളവുമെത്തി. മുൻ മുഖ്യമന്ത്രിമാരുടെ മക്കളായ പത്മജ വേണുഗോപാലും അനിൽ ആന്റണിയും പോയി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഓടാൻ തയാറായി നിൽക്കുന്നു. കെ. മുരളീധരൻ എപ്പോഴാണ് പോകുന്നതെന്ന് പറയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. എൽഡിഡബ്ല്യുഎഫ് ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് ഗ്രേസി സൈമൺ അധ്യക്ഷയായി.