ADVERTISEMENT

ആലപ്പുഴ∙ തിരഞ്ഞടുപ്പ് സമാധാനപരമായും ജനാധിപത്യപരമായും നടത്താൻ സൗകര്യങ്ങൾ ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സുരക്ഷ പോളിങ് സ്റ്റേഷനുകളിൽ ഉറപ്പാക്കും. വോട്ടെടുപ്പു ദിവസം പോളിങ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ (സ്വകാര്യ സ്ഥലമായാലും പൊതുസ്ഥലമായാലും) ഒരു സ്ഥാനാർഥിക്കു വേണ്ടിയും വോട്ട് ക്യാൻവാസ് ചെയ്യാൻ പാടില്ല. 100 മീറ്റർ ചുറ്റളവിൽ ഔദ്യോഗികമായി പ്രദർശിപ്പിച്ചിട്ടുള്ള തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള നോട്ടിസോ അടയാളങ്ങളോ അല്ലാതെ ഒന്നും പ്രദർശിപ്പിക്കുകയോ രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് സ്ഥാപിക്കുകയോ ചെയ്യരുത്. പോളിങ് സ്റ്റേഷന്റെ പരിസരത്തോ പ്രവേശന കവാടത്തിലോ ചുറ്റുമുള്ള സ്ഥലത്തോ (പൊതുസ്ഥലമായാലും സ്വകാര്യ സ്ഥലമായാലും) ഉച്ചഭാഷിണിയും മറ്റും ഉപയോഗിച്ചു വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും ശല്യമുണ്ടാക്കരുത്. പോളിങ് സ്റ്റേഷനിൽ പ്രശ്നമുണ്ടാക്കുന്നവരെ പൊലീസ് നീക്കം ചെയ്യും.

പോളിങ് സ്റ്റേഷൻ പരിസരത്ത് അനധികൃതമായി ആയുധങ്ങളുമായി പ്രവേശിക്കാൻ അനുവദിക്കില്ല. 100 മീറ്റർ ചുറ്റളവിൽ പോളിങ് ഉദ്യോഗസ്ഥരല്ലാതെ ആരും ഫോൺ ഉപയോഗിക്കരുത്. കള്ളവോട്ടിനു ശ്രമിച്ചാൽ അറസ്റ്റ് ചെയ്യും. വോട്ടെടുപ്പു ദിവസം ബൂത്തിന്റെ പരിധിയിൽ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ എഴുതിയ തൊപ്പി, മാസ്ക് തുടങ്ങിയവ ഉപയോഗിക്കരുത്. എസ്എച്ച്ഒമാരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ  ബോട്ട് പട്രോളിങ് ഉൾപ്പെടെ നടത്തും. സെൻസിറ്റീവ് ഏരിയകളിൽ പ്രത്യേക പൊലീസ് പിക്കറ്റുണ്ടാവും.  അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് ഇലക്‌ഷൻ കൺട്രോൾ റൂം (0477-2237826) ജില്ലാ പൊലീസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 112 എന്ന നമ്പറിലേക്കും വിളിക്കാം.

പ്രചാരണം തീർന്നു; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ആലപ്പുഴ ∙ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ വോട്ടെടുപ്പിന്റെ പിറ്റേന്നു രാവിലെ 6 വരെ ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ മജിസ്ട്രേട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും  കലക്ടറുമായ അലക്‌സ് വർഗീസ് ഉത്തരവായി. നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ/റാലികൾ സംഘടിപ്പിക്കൽ, ഉച്ചഭാഷിണി ഉപയോഗം എന്നിവ നിരോധിച്ചു. ജില്ലയിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരും പ്രചാരകരും ജില്ല വിട്ടു പോകണം. അഭിപ്രായ വോട്ടെടുപ്പ്, പോൾ സർവേ തുടങ്ങിയവയുടെ ഫലങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. പോളിങ് ബൂത്തിൽ മൊബൈൽ ഫോൺ അനുവദിക്കില്ല. 

തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ, മൈക്രോ ഒബ്‌സർവർമാർ, ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ, പോളിങ് ഡ്യൂട്ടിയിലുള്ളവർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്ക് ഫോൺ ഉപയോഗിക്കാം. 100 മീറ്റർ ചുറ്റളവിൽ കോഡ്‌ലെസ് ഫോൺ, വയർലെസ് ഫോൺ എന്നിവയ്ക്കും വിലക്കുണ്ട്. പോളിങ് സ്റ്റേഷനുകളിലോ പോളിങ് സ്റ്റേഷൻ പരിസരത്തോ അനധികൃതമായി ആയുധങ്ങൾ കൈവശം വയ്ക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിനും വിലക്കുണ്ട്. വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷന്റെ 200 മീറ്റർ പരിധിയിൽ തിരഞ്ഞെടുപ്പ് ബൂത്ത് പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com