ആവേശക്കടലായി അണികളുടെ നിര; ആഘോമായി കലാശക്കൊട്ട്
Mail This Article
കായംകുളം∙ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ കലാശക്കൊട്ട് നഗരത്തിൽ ആവേശക്കടലായി. എൽഡിഎഫ്,യുഡിഎഫ്, എൻഡിഎ മുന്നണി പ്രവർത്തകർ ഇരുചക്രവാഹന റാലിയായി പാർക്ക് ജംക്‌ഷനിലാണ് പ്രചാരണ സമാപന പരിപാടി നടത്തിയത്. ഇതിന് മുന്നോടിയായി പാർട്ടി ഓഫിസുകളിൽ നിന്ന് നഗരം ചുറ്റി റാലിയും റോഡ് ഷോയും നടത്തിയിരുന്നു.
പാർക്ക് ജംക്‌ഷനിൽ മൂന്ന് റോഡുകൾ മൂന്ന് മുന്നണികൾക്കായി പൊലീസ് അനുവദിക്കുകയായിരുന്നു. ജംക്‌ഷനിൽ നിന്ന് കിഴക്കോട്ടുള്ള റോഡിൽ യുഡിഎഫ് പ്രവർത്തകരും പടിഞ്ഞാറോട്ടുള്ള റോഡിൽ എൽഡിഎഫും തെക്കോട്ടുള്ള റോഡിൽ എൻഡിഎ പ്രവർത്തകരും നിലയുറപ്പിച്ചാണ് കലാശക്കൊട്ടിന് ആവേശം പകർന്നത്. ബഹുനില കെട്ടിടത്തിന്റെ മുകളിൽ പ്രവർത്തകർ കയറി കൊടി പാറിച്ചും ആവേശത്തിന് മാറ്റ് കൂട്ടി.മുന്നണികൾ റോഡ് കയ്യടക്കിയതോടെ ഒരു മണിക്കൂറോളം കെപി റോഡിലെ ഗതാഗതം തടസപ്പെട്ടു.
ഹരിപ്പാട് ∙ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് മൂന്നു മുന്നണികളിലും നഗരത്തിൽ ശക്തി പ്രകടനം നടത്തി. കലാശക്കൊട്ടിന് മൂന്നു മുന്നണികൾക്കും നഗരത്തിൽ പ്രധാനപ്പെട്ട 3 ജംക്‌ഷനുകൾ അനുവദിച്ചത് ഗതാഗത തടസ്സം ഒഴിവാക്കുന്നതിനു ഒരു പരിധിവരെ സഹായമായി. യുഡിഎഫ് പ്രവർത്തകർ എഴിക്കകത്ത് ജംക്‌ഷനും എൽഡിഎഫ് പ്രവർത്തകർ ടൗൺ ഹാൾ ജംക്‌ഷനിലും, എൻഡിഎ പ്രവർത്തകർ മാധവ ജംക്‌ഷനിലുമാണ് കലാശക്കൊട്ട് നടത്തിയത്. ജംക്‌ഷനുകളിൽ പൊലീസിനെ വിന്യസിച്ചിരുന്നു.