ഞായറാഴ്ച ആലപ്പുഴയിൽ രേഖപ്പെടുത്തിയത് ഏപ്രിലിലെ ഏറ്റവും ഉയർന്ന ചൂട്
Mail This Article
ആലപ്പുഴ ∙ ഞായറാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയത് ഏപ്രിലിലെ ഏറ്റവും ഉയർന്ന ചൂട്. 38 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ച ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ അറിയിച്ചു.
സൂര്യാതപമേറ്റു പശു ചത്തു
ചാരുംമൂട് ∙ ആദിക്കാട്ടുകുളങ്ങരയിൽ സൂര്യാതപമേറ്റു പശു ചത്തു. ആദിക്കാട്ടുകുളങ്ങര തെറ്റിക്കുഴി തെക്കതിൽ സുബൈദയുടെ കറവപ്പശുവാണ് സൂര്യാതപമേറ്റു ചത്തത്. തിങ്കളാഴ്ച രാവിലെ കറവയ്ക്കായി എത്തിയപ്പോഴാണ് പശുവിനെ തൊഴുത്തിൽ ചത്ത നിലയിൽ കണ്ടത്. പതിവായി പശുവിനെ തീറ്റയ്ക്കായി പുറത്തുകെട്ടാറുണ്ട്. പശുവിന്റെ ശരീരഭാഗങ്ങളിൽ സൂര്യതപമേറ്റു കരുവാളിച്ച പാടുകളുണ്ട്. അടുത്തിടെ ഈ വീട്ടിലെ രണ്ടു പശുക്കൾ സമാന രീതിയിൽ ചത്തിരുന്നു. വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി മൃഗസംരക്ഷണ വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും ഇതുവരെ സഹായമൊന്നും ലഭിച്ചില്ലെന്നും സുബൈദ പറയുന്നു. ഏറ്റവും നല്ല ക്ഷീര കർഷകയ്ക്കുള്ള അംഗീകാരങ്ങൾ നേടിയിട്ടുള്ള സുബൈദയുടെ വരുമാന മാർഗമാണ് ഇതോടെ അടഞ്ഞത്.