ചൂടിൽ പൊള്ളി വെറ്റില; ഉൽപാദനം കുറഞ്ഞു
Mail This Article
ആലപ്പുഴ∙ വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്ന കൃഷികളിലൊന്നാണു വെറ്റില. നന്നായി നനച്ചില്ലെങ്കിൽ ഉൽപാദനം കുറയും. വേനലിൽ വെറ്റിലയ്ക്കു കൂടുതൽ വില കിട്ടുമെങ്കിലും നനയ്ക്കാൻ സൗകര്യം കുറഞ്ഞ പ്രദേശങ്ങളിലെ കർഷകർക്ക് വിപണിയിലെ ഗുണം കിട്ടാറില്ല.ഉൽപാദന ചെലവനുസരിച്ചു വില കിട്ടാത്തതാണു കർഷകരുടെ പ്രശ്നം. ഇത്തവണ ചൂട് വളരെ കൂടുതലായതിനാൽ ഉൽപാദനം കുറയുന്നതിനൊപ്പം വെറ്റിലയുടെ ഗുണനിലവാരവും കുറഞ്ഞിട്ടുണ്ട്. വേനൽ കടുത്താൽ വെറ്റിലയുടെ വലുപ്പം കുറയും.
ചൂടിൽ വെറ്റില പൊള്ളിക്കരിയുകയാണ്. ചൂടു കാലത്തു പെരുകുന്ന പ്രാണികളുടെ ശല്യം കാരണം വെറ്റിലയിൽ പുണ്ണുണ്ടാകുന്നതാണു മറ്റൊരു വെല്ലുവിളി. മണ്ണും ചൂടായതിനാൽ തണ്ടുകളെ സംരക്ഷിക്കുന്ന താഴത്തെ ഇലകൾ പഴുത്തു വീഴുന്നു. അങ്ങനെ തണ്ടിലെ ജലാംശം കുറയുന്നതു വെറ്റിലക്കൊടികൾ നശിക്കാനും കാരണമാകുന്നുണ്ട്.കഴിഞ്ഞ വേനലിൽ 80 വെറ്റിലയുടെ ഒരു കെട്ടിന് 250– 300 രൂപ ലഭിച്ചിരുന്നു. ഇപ്പോൾ 100– 150 രൂപയ്ക്കാണു കർഷകർ ചന്തയിൽ വിൽക്കുന്നത്.