ചൂട്: ജില്ലയിൽ ഇന്ന് ഉഷ്ണതരംഗ സാധ്യത
Mail This Article
ആലപ്പുഴ∙ ജില്ലയിൽ ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ജില്ലയിൽ ഇന്ന് 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണു മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഒട്ടേറെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്. പൊതുപരിപാടികൾ വൈകിട്ടത്തേക്കു മാറ്റി വയ്ക്കണമെന്നും നിർദേശമുണ്ട്.
ജില്ലയിൽ ഇന്നലെ 37 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ താപനില 28.8 ഡിഗ്രി സെൽഷ്യസും. രാത്രികാലങ്ങളിൽ പോലും ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്.ജില്ലയിൽ രണ്ടു ദിവസം കൂടി ഉയർന്ന താപനില തുടരുമെന്നും അതിനു ശേഷം വേനൽമഴ ശക്തി പ്രാപിക്കുന്നതോടെ താപനില കുറയുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിഭാഗം ശാസ്ത്രജ്ഞൻ ഡോ. എം.ജെ.മനോജ് പറഞ്ഞു. അറബിക്കടൽ പതിവിലും 1.5–2 ഡിഗ്രി സെൽഷ്യസ് ചൂട് പിടിച്ചിട്ടുണ്ട്. അന്തരീക്ഷവായു ചൂട് പിടിക്കുന്നതിനെക്കാൾ അപകടകരമാണിത്.
ആലപ്പുഴയിൽ ജലാശയങ്ങൾ ധാരാളം ഉണ്ടെങ്കിലും അവ ചൂടിനെ ശേഖരിച്ചു വച്ചു രാത്രികാല താപനില ഉയർത്തുകയാണു ചെയ്യുക. അറബിക്കടലിൽ നിന്നും ചൂട് പുറത്തുവരും. ഇതാണു രാത്രി താപനില ഉയർന്നു നിൽക്കാൻ കാരണം. ജില്ലയിൽ ശക്തമായ മഴ ലഭിച്ചെങ്കിൽ മാത്രമേ താപനിലയിൽ കാര്യമായ വ്യത്യാസം വരികയുള്ളൂവെന്നും അതുവരെ പ്രാദേശികമായി ഉഷ്ണതരംഗത്തിനു സമാന സാഹചര്യം തുടരുമെന്നും ഡോ. മനോജ് പറഞ്ഞു.