അരളിപ്പൂ ഒഴിവാക്കിയത് നല്ലതെന്ന് മരിച്ച സൂര്യയുടെ പിതാവ്
Mail This Article
ഹരിപ്പാട് ∙ ക്ഷേത്രങ്ങളിലെ നിവേദ്യത്തിലും അർച്ചന പ്രസാദങ്ങളിലും അരളിപ്പൂ ഒഴിവാക്കിയത് നല്ലകാര്യമാണെന്നും ഇതു മൂലമുള്ള അപകടം ഒഴിവാക്കുന്നതിനു സഹായകമാകുമെന്നും അരളിപ്പൂ വിഷം ഉള്ളിൽ ചെന്നു മരിച്ചെന്നു കരുതുന്ന യുവതിയുടെ പിതാവ് പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ പറഞ്ഞു. അരളിപ്പൂവിന്റെയും ഇലയുടെയും വിഷം ഉള്ളിൽ ചെന്നാണ് സുരേന്ദ്രന്റെ മകൾ സൂര്യ സുരേന്ദ്രൻ(24) മരിച്ചതെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം അരളിപ്പൂ ക്ഷേത്രങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനമെടുത്തത്.
ജോലിക്കായി വിദേശത്തേക്കു പുറപ്പെട്ട സൂര്യയുടെ ജീവൻ കവർന്നത് അരളിപ്പൂവാണോ എന്നത് സംബന്ധിച്ചുള്ള വ്യക്തത വന്നിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നെങ്കിലേ മരണ കാരണം വ്യക്തമാകൂ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
സൂര്യ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ടെന്നു പറഞ്ഞ വീടിനു സമീപമുള്ള അരളിച്ചെടിയുടെ പൂവും ഇലയും സൂര്യയുടെ രക്ത സാംപിളും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വേഗം ലഭിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കാണിച്ച് കത്ത് നൽകിയിട്ടുണ്ടെന്നു കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ: കെ. അഭിലാഷ് കുമാർ പറഞ്ഞു.
വിദേശത്ത് ജോലിയിൽ പ്രവേശിക്കാൻ പുറപ്പെട്ട സൂര്യ വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബിഎസ്‌സി നഴ്സിങ് പാസായ സൂര്യ യുകെയിൽ ജോലി ലഭിച്ചതിനെ തുടർന്നു കഴിഞ്ഞ 28നു രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്. പോകുന്നതിനു മുൻപ് എല്ലാവരെയും ഫോണിൽ ബന്ധപ്പെട്ട് സൂര്യ യാത്ര പറഞ്ഞിരുന്നു.
ഫോണിൽ സംസാരിച്ചു മുറ്റത്തു നടക്കുന്നതിനിടെ ഏതോ ഒരു ചെടിയുടെ ഇലയും പൂവും നുള്ളിയെടുത്തു വായിലിട്ട് ചവച്ചിരുന്നു. തുപ്പിക്കളയുകയും ചെയ്തു. പിന്നീട് യാത്രയ്ക്കിടെ ഛർദിച്ചു. അസ്വസ്ഥത കൂടി സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചു. ദഹന പ്രശ്നമോ മറ്റോആയിരിക്കുമെന്നു കരുതി. വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ നിൽക്കുമ്പോൾ കുഴഞ്ഞു വീണു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഡോക്ടർമാർ വിശദമായി അന്വേഷിച്ചപ്പോൾ ഏതോ പൂവും ഇലയും വായിലിട്ടതായി സൂര്യ പറഞ്ഞിരുന്നു. അത് അരളിപ്പൂവായിരുന്നു.
ചക്കുളത്തുകാവിലും അരളിപ്പൂവ് ഉപയോഗിക്കില്ല
എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പൂജാദി കർമങ്ങൾക്ക് അരളിപ്പൂവ് ഉപയോഗിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.