അനധികൃത മണ്ണെടുപ്പ് തടയാൻ റവന്യു, പൊലീസ് സംയുക്ത സ്പെഷൽ ടീം
Mail This Article
ചെങ്ങന്നൂർ ∙ അനധികൃത നിലം നികത്തൽ, മണ്ണെടുപ്പ്, ചെളിയെടുപ്പ് എന്നിവ തടയുന്നതിനായി ചെങ്ങന്നൂർ റവന്യു ഡിവിഷൻ ഓഫിസിൽ തഹസിൽദാർ(എൽ.ആർ) മാരുടെയും വില്ലേജിന്റെ ചാർജുളള ഡപ്യൂട്ടി തഹസിൽദാർമാരുടെയും സംയുക്തയോഗം ചേർന്നു.ചെങ്ങന്നൂർ താലൂക്കിൽ തിരഞ്ഞെടുപ്പ് കാലത്തെ തിരക്കിന്റെ മറവിൽ നടത്തിയ 11 അനധികൃത നികത്തലുകൾക്കെതിരെ നടപടികൾ സ്വീകരിച്ചു.
6 കേസുകൾ വകുപ്പ് 13 പ്രകാരം പൂർവസ്ഥിതിയിലാക്കുന്നതിനായി നടപടി സ്വീകരിക്കാൻ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മാവേലിക്കര താലൂക്കിൽ 5 വില്ലേജുകളിലായി നടന്ന 7 അനധികൃത നികത്തലുകൾ പൂർവസ്ഥിതിയിലാക്കുന്നതിനായി ഉത്തരവിനായി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാർത്തികപ്പള്ളി താലൂക്കിൽ 8 വില്ലേജുകളിലായി 14 അനധികൃത നികത്തലുകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
മുളക്കുഴ കേന്ദ്രീകരിച്ചുള്ള അനധികൃത മണ്ണെടുപ്പ് തടയുന്നതിന് റവന്യു, പൊലീസ് സംയുക്ത പരിശോധനയും രാത്രികാല പട്രോളിങ്ങും ആരംഭിക്കുന്നതിന് സ്പെഷൽ ടീം രൂപീകരിച്ചു.അനധികൃത നിലം നികത്ത് /മണ്ണെടുപ്പ് തടയുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല കൺട്രോൾ റൂമുകൾ ആരംഭിച്ചു. തഹസിൽദാർ എൽ.ആർ ചെങ്ങന്നൂർ 8547611801, തഹസിൽദാർ എൽ.ആർ, കാർത്തികപ്പള്ളി 8547611601 മാവേലിക്കര 8547611701.