മഴവെള്ളം കുത്തിയൊലിച്ചു; മിൽമ ഫാക്ടറിയിലെ കാലിത്തീറ്റ ഉപയോഗ ശൂന്യമായി
Mail This Article
തുറവൂർ∙ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്‌ടറിയിൽ പെയ്ത്തുവെള്ളം ഒഴുകി പോകുന്ന പൈപ്പിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെട്ടു. ഇതേത്തുടർന്ന് വിതരണത്തിനായി സജ്‌ജമാക്കിയ കാലിത്തീറ്റ ചാക്കുകളിൽ വെള്ളം കുത്തിയൊലിച്ചതോടെ ഒട്ടേറെ ചാക്ക് കാലിത്തീറ്റ ഉപയോഗ ശൂന്യമായി. ശനിയാഴ്‌ച രാത്രി പെയ്ത മഴയിലായിരുന്നു സംഭവം. മാസം 3000 മെട്രിക് ടൺ കാലിത്തീറ്റ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് പട്ടണക്കാട് മിൽമ ഫാക്ടറി.
ശനിയാഴ്ച 3000 ചാക്ക് കാലിത്തീറ്റ കയറ്റി വിട്ടിരുന്നു. അട്ടിവച്ചിരുന്ന ബാക്കിയുള്ള ഒരുഭാഗത്തെ ചാക്കുകളിലാണു പെയ്ത്തുവെള്ളം വീണത്. ഞായർ അവധിയായതിനാൽ നഷ്‌ടത്തിന്റെ വ്യാപ്തി കണക്കാക്കിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച ഉദ്യോഗസ്‌ഥർ എത്തിയാൽ മാത്രമേ നഷ്‌ടം തിട്ടപ്പെടുത്താൻ കഴിയൂ. നനഞ്ഞ കാലിത്തീറ്റ നശിപ്പിച്ചുകളയും. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1450 മുതൽ 1500 വരെയാണ് വില.