ADVERTISEMENT

കുട്ടനാട്∙ പുഞ്ചക്കൃഷി സീസൺ കഴിഞ്ഞതോടെ വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ വൈകുന്നതു നിമിത്തം കൈനകരി നിവാസികൾ വെള്ളക്കെട്ട് ദുരിതത്തിൽ. വരിയും കളശല്യവും മൂലം കഴിഞ്ഞ പുഞ്ചക്കൃഷി ഉപേക്ഷിക്കേണ്ടി വന്ന പാടശേഖരങ്ങളിലാണു വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നത്. കൃഷി ഉപേക്ഷിച്ചെങ്കിലും പാടശേഖരങ്ങളുടെ ഉള്ളിലും പുറംബണ്ടിലുമായി താമസിക്കുന്നവരെ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് രക്ഷിക്കാനും കൃഷിയിടത്തിലെ കള കിളിർപ്പിച്ചു നശിപ്പിക്കുന്നതിനും പമ്പിങ് നടത്തി വെള്ളം ക്രമീകരിച്ചിരുന്നു. ഇത്തരത്തിൽ കൈനകരിയിൽ 5 പാടശേഖരങ്ങളിലാണു കൃഷി ഉപേക്ഷിച്ചു പമ്പിങ് നടത്തേണ്ടി വന്നത്. കൃഷി ഇറക്കാത്തതിനാൽ പാടശേഖരങ്ങൾക്കു  വൈദ്യുതി സബ്സിഡി ലഭിച്ചില്ല. പകരം ഭീമമായ വൈദ്യുത ബിൽ ലഭിച്ചതു പ്രതിസന്ധിക്കു കാരണമായി.

കൃഷി നടക്കാത്ത സാഹചര്യത്തിൽ  സബ്സ‌‌ിഡി നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സാധിക്കില്ലെന്ന് കെഎസ്ഇബി നിലപാടെടുത്തു.  ഉദിമട പുനാത്തുരം, പരുത്തി വളവ്, വാവക്കാട് വടക്ക്, വാവക്കാട് തെക്ക്, സുന്ദരി തുടങ്ങിയ പാടശേഖരങ്ങളിലാണ് കൃഷി ഉപേക്ഷിച്ചു പമ്പിങ് നടത്തേണ്ടി വന്നത്.ഇതിൽ പരുത്തിവളവ് പാടശേഖരത്തിൽ 4.35 ലക്ഷം രൂപയുടെയും പുനാത്തുരം പാടശേഖരത്തിൽ 1.81 ലക്ഷം രൂപയുടെയും ബിൽ ആണു ലഭിച്ചത്. സാധാരണയായി 15,000 രൂപ വരെ ബിൽ ലഭിക്കുന്ന സ്ഥാനത്താണ് ഓരോ പാടശേഖരങ്ങൾക്കും ഭീമമായ വൈദ്യുത ബിൽ ലഭിച്ചത്. ഏക്കറിന് 3000 രൂപ വരെ പിരിവെടുത്തു നൽകിയാണു കർഷകർ കള കിളിർപ്പിക്കാനും വെള്ളം വറ്റിക്കാനും തുക കണ്ടെത്തിയത്. നിലവിൽ ഭീമമായ വൈദ്യുത ബിൽ അടയ്ക്കാൻ കർഷകർക്കു യാതൊരു മാർഗവുമില്ല. കർഷകരുടെ നിസ്സഹായാവസ്ഥ പാടശേഖര സമിതി ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. 

മന്ത്രിയുടെ നിർദേശത്തെ തുടർന്നു പ്രിൻസിപ്പൽ കൃഷി ഓഫിസർ, വൈദ്യുതബില്ലിൽ ഇളവു ലഭിക്കണമെന്ന രീതിയിൽ കൈനകരി കൃഷി ഓഫിസർക്കു കത്ത് തയാറാക്കി കെഎസ്ഇബിക്കു നൽകാൻ നിർദേശിച്ചിരിക്കുകയാണ്. കളശല്യം മൂലമാണ് കൃഷി ഉപേക്ഷിക്കേണ്ടി വന്നതെന്ന മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം (കെസിപിഎം) അധികൃതരുടെ റിപ്പോർട്ട് കൂടി നൽകേണ്ടതുണ്ട്. ഇന്നു ബന്ധപ്പെട്ട രേഖകൾ വാങ്ങി കെഎസ്ഇബിയിൽ സമർപ്പിച്ചു വൈദ്യുത ബില്ലിൽ ഇളവു നേടാനുള്ള പരിശ്രമമാണു പാടശേഖരസമിതി ഭാരവാഹികൾ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com